നെയ്മര്‍, മെസ്സിയേക്കാള്‍ വലിയ കളിക്കാരനാകുമെന്ന പെലയുടെ പ്രവചനം അന്തരീക്ഷത്തില്‍ അലയടിച്ച കാലം. നെയ്മറെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന 14,000 പേര്‍‍ ഒപ്പിട്ട നിവേദനം, ബ്രസീലിന്റെ കോച്ച് ദുംഗ ചവറ്റുകുട്ടയിലിട്ടു.

ത്രിമൂര്‍ത്തികളെ കേന്ദ്രീകരിച്ചാണ് റഷ്യ ലോകകപ്പിന്റെ വര്‍ത്തമാനം. മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍. ഇവരില്‍ ആരും ലോകകപ്പ് ഉയര്‍ത്തിയിട്ടില്ല. ലോകകപ്പിന്റെ സാര്‍വ്വദേശീയ സ്വഭാവം അവകാശപ്പെടാനില്ലെങ്കിലും പകിട്ടും പൊലിമയുമുള്ള വമ്പന്‍ ക്ലബ്ബുകളില്‍ കോടികള്‍ വിലമതിക്കുന്ന താരങ്ങളാണവര്‍. ബാഴ്‌സലോണയില്‍ നിന്ന് പാരീസ് സാന്‍ ഷെ‍ര്‍മാങ്ങിലേക്ക് നെയ്മര്‍ ചേക്കേറിയത് 1800 കോടി രൂപയുടെ കരാറില്‍. നിലവില്‍ ഒരു കളിക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം.

നെയ്മര്‍ ഡ സെല്‍വ സാന്‍റോസ് ജൂനിയര്‍ എന്ന നെയ്മര്‍ ജൂനിയര്‍ എന്ന നെയ്മര്‍ ബ്രസീലിന്‍റെ ഹൃദയവികാരമാണ്. സാക്ഷാല്‍ പെലെ കളിച്ച സാന്റോസിലായിരുന്നു നെയ്മര്‍ കളിച്ചുതുടങ്ങിയത്. സാന്റോസില്‍ നിന്ന് പയറ്റിത്തെളിഞ്ഞ് റയല്‍ മാ‍ഡ്രിഡിന്റെ യൂത്ത് ടീമിലേക്ക്. റയല്‍ മാഡ്രിഡ് അന്ന് റൊണാള്‍ഡോ, സിദാന്‍, ബെക്കാം, റോബിഞ്ഞോ, റോബ‍ര്‍ട്ടോ കാര്‍ലോസ് എന്നിങ്ങനെ താരനിബിഡമായിരുന്നു.

2010 ലോകകപ്പിന്‍റെ വേളയില്‍ നെയ്മര്‍ക്ക് പതിനെട്ട് വയസ്സ്. അന്നേ നെയ്മര്‍ പ്രശസ്തനായിരുന്നു. മെസ്സിയേക്കാള്‍ വലിയ കളിക്കാരനാകുമെന്ന പെലയുടെ പ്രവചനം അന്തരീക്ഷത്തില്‍ അലയടിച്ച കാലം. നെയ്മറെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന 14,000 പേര്‍‍ ഒപ്പിട്ട നിവേദനം, ബ്രസീലിന്റെ കോച്ച് ദുംഗ ചവറ്റുകുട്ടയിലിട്ടു.

2014 ലോകകപ്പിലായിരുന്നു നെയ്മറിന്റെ അരങ്ങേറ്റം. ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ത്തന്നെ നെയ്മര്‍ ഗോള്‍ നേടി. അന്തര്‍ദേശീയ മത്സരത്തില്‍ നെയ്മറിന്റെ അമ്പതാമത്തെ ഗോള്‍. തുടര്‍ന്നു കിട്ടിയ പെനല്‍റ്റി കിക്കും നെയ്മര്‍ ഗോളാക്കി മാറ്റി. കാമറൂണിനെതിരായ മത്സരത്തിലും നെയ്മര്‍ അസാധ്യ ഫോമിലായിരുന്നു. കാമറൂണിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബ്രസീല്‍ തകര്‍ത്തത് വിശേഷിച്ചും നെയ്മറുടെ രണ്ട് ഗോളിന്റെ ബലത്തിലായിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ നെയ്മറിന് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിന് പരിക്കേറ്റ നെയ്മറിന് തുടര്‍ന്നു കളിക്കാനായില്ല. നെയ്മറില്ലാത്ത ബ്രസീല്‍ സെമി ഫൈനലില്‍ ജര്‍മ്മനിയോട് തോറ്റു തുന്നംപാടി. ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കാണ് മുള്ളറും ക്ലോസെയും ക്രൂസും ബ്രസീലിനെ കെട്ടുകെട്ടിച്ചത്.

റൊണാള്‍ഡീഞ്ഞോയുടെ ശൈലി സ്വന്തമായ രീതിയില്‍ വാര്‍ത്തെടുത്തതാണ് നെയ്മറുടെ ശൈലി. ഡ്രിബ്ളിംഗിലും വേഗത്തിലും പന്തടക്കത്തിലുമുള്ള തികവ് നെയ്മറെ, ബ്രസീലിന്‍റെ പാരമ്പര്യത്തിന്‍റെ പുതിയ തലമുറയുടെ അവകാശിയാക്കുന്നു.

2011ല്‍ ഫ്ലെമെങ്കോയ്‌ക്കെതിരെ നേടിയ ഉജ്ജ്വല ഗോള്‍ നെയ്മറുടെ പ്രതിഭയുടെ മിന്നല്‍ത്തിളക്കം ബോധ്യപ്പെടുത്തും. വിയ്യ റയാലിനെതിരെയുള്ള ഗോള്‍ ഒരു മെയ്യഭ്യാസിയുടേതായിരുന്നു.

റഷ്യ ലോകകപ്പില്‍ നെയ്മര്‍ തന്‍റെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുക്കുമെന്ന് ഉറപ്പാണ്. പരിക്കിന്‍റെ പിടിയില്‍നിന്നു മോചിതനായ നെയ്മര്‍ ക്രൊയേഷ്യക്കെതിരെയുള്ള സൗഹൃദ മത്സരത്തില്‍ ഗോള്‍ നേടി തിരിച്ചുവരവ് പ്രഖ്യാപിച്ചുകഴിഞ്ഞു.