Asianet News MalayalamAsianet News Malayalam

വാട്ട്‌സ് ആപ്പ് വ്യാജസന്ദേശം; ഗൂഗിള്‍ ജീവനക്കാരന് ദാരുണാന്ത്യം

  • ഖത്തര്‍ സ്വദേശിയെ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഓടിച്ചിട്ട് ആക്രമിച്ചത്
  • സുഹൃത്തിന്‍റെ കുട്ടികള്‍ക്കായി കരുതിയ മിഠായിപ്പൊതികളാണ് സംശയത്തിനിടയാക്കിയത്
mob lynches hyderabad based techie at karanataka in child lifting suspicion
Author
First Published Jul 15, 2018, 8:08 AM IST

ഹൈദരാബാദ്: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമെന്ന വാട്ട്‌സ് ആപ്പ് പ്രചരണത്തെ തുടര്‍ന്ന് കര്‍ണാടകയിലും ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു മരണം. ഹൈദരാബാദ് സ്വദേശിയും ഗൂഗിളിന്റെ ഗച്ചിബോളിയിലെ ജീവനക്കാരനുമായ മുഹമ്മദ് അസമാണ് കര്‍ണാടകയിലെ ബിദറില്‍ വച്ച് ദാരുണമായി കൊല്ലപ്പെട്ടത്. 

ഖത്തര്‍ സ്വദേശിയായ ഒരാളുള്‍പ്പെടെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു മുഹമ്മദ് അസം. മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു മൂന്ന് പേരും. കമല്‍നഗറില്‍ എത്തിയപ്പോള്‍ അല്‍പനേരം വിശ്രമിക്കാനായി കാര്‍ നിര്‍ത്തി. അവിടെ വച്ച് ആള്‍ക്കൂട്ടം ഇവരെ ശ്രദ്ധിക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. 

സുഹൃത്തിന്റെ മക്കള്‍ക്ക് നല്‍കാനായി അസം കാറില്‍ മിഠായിപ്പൊതികള്‍ കരുതിയിരുന്നു. ഇത് കണ്ടതോടെ കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് മുതിരാതെ കുട്ടികളെ തട്ടിയെടുക്കുന്ന സംഘമാണെന്ന് ധരിച്ച് സംഘം മൂന്ന് പേരെയും കയ്യേറ്റം ചെയ്തു. അവിടെ നിന്നും രക്ഷപ്പെട്ട മൂവരേയും വീണ്ടും കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. 

കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും തങ്ങളുടെ കുടുംബം ഇപ്പോഴും ഞെട്ടലിലാണെന്നും അസമിന്റെ ബന്ധുക്കള്‍ അറിയിച്ചു. മൂന്ന് വര്‍ഷം മുമ്പാണ് അസം വിവാഹിതനായത്. രണ്ട് വയസ്സുള്ള ഒരു മകനുമുണ്ട്.

ഇതുവരെ വാട്ട്‌സ് ആപ്പ് വ്യാജ പ്രചരണത്തെ തുടര്‍ന്ന് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഏതാണ്ട് പന്ത്രണ്ടോളം ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ അസമിലുമായിരുന്നു ഏറ്റവുമധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
 

Follow Us:
Download App:
  • android
  • ios