ഹിസ്ബുൾ മുജാഹീദിന്റെ മുൻകമാൻഡർ ബുർഹാൻ വാനിയുടെ രണ്ടാം ചരമവാർഷികദിനമായ വെള്ളിയാഴ്ച്ചയാണ് കശ്മീരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. 

ശ്രീന​ഗർ: പ്രദേശവാസികളും സുരക്ഷാസേനകളും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കശ്മീർ താഴ്വരയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. 

സം​ഘർഷം വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിലാണ് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. ​ഗുൽ​ഗാം ജില്ലയുടെ താഴ്വാരമേഖലകളിലാണ് താൽകാലിക ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നത്. 

അതേസമയം മേഖലയിൽ ബി.എസ്.എൻ.എല്ലിന്റെ ബ്രോഡ്ബാൻഡ് സേവനങ്ങൾ ഇപ്പോഴും മുടക്കമില്ലാതെ ലഭിക്കുന്നുണ്ട്. ഹിസ്ബുൾ മുജാഹീദിന്റെ മുൻകമാൻഡർ ബുർഹാൻ വാനിയുടെ രണ്ടാം ചരമവാർഷികദിനമായ വെള്ളിയാഴ്ച്ചയാണ് കശ്മീരിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. 

പ്രതിഷേധപരിപാടികൾക്ക് പിന്നാലെ വെള്ളിയാഴ്ച്ച സുരക്ഷാസേനയ്ക്ക് നേരെ അക്രമകിൾ കല്ലേറ് നടത്തി. ഇതേ തുടർന്ന് സൈന്യം നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. സംഘർഷം തടയാനായി താഴ്വരയിലുടനീളം സുരക്ഷാസേനകളെ വിന്ന്യസിച്ചിട്ടുണ്ട്.