Asianet News MalayalamAsianet News Malayalam

പ്രളയബാധിത മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ സേവനം

രണ്ട് വാഹനങ്ങളാണ് മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിനായി ഉപയോഗിക്കുന്നത്. ദേശിയ ആരോഗ്യ ദൗത്യത്തിന്‍റെ മേല്‍നോട്ടത്തില്‍ ഒരു ഡോക്ടര്‍, നേഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ആധുനിക സംവിധാനങ്ങളുള്ള സഞ്ചരിക്കുന്ന മെഡിക്കല്‍ ക്ലിനിക്കില്‍ ഉണ്ടാകുക. ഡെങ്കി പനി, ചിക്കന്‍ഗുനിയ, എലിപ്പനി തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഈ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കില്‍ ലഭ്യമാണ്. ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ മൊബൈലില്‍ അടക്കം പരിശോധന ഫലങ്ങള്‍ ലഭ്യമാക്കുന്നതിനും അതോടൊപ്പം വിദഗ്ധ ചികിത്സ വേണ്ടവരുടെ വിവരങ്ങള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൈമാറാനും സാധിക്കുന്നതാണ്. 
 
mobile medical clinic inorder to prevent Contagious disease
Author
Trivandrum, First Published Aug 30, 2018, 11:22 PM IST

തിരുവനന്തപുരം: പ്രളയബാധിത മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്‍റെ ഭാഗമായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വൈദ്യ സഹായം എത്തിക്കാന്‍ കഴിയുന്ന ആധുനിക മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിന്‍റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. എല്ലാ പ്രളയ ബാധിത ജില്ലകളിലും ഈ ക്ലിനിക്കിന്‍റെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 

രണ്ട് വാഹനങ്ങളാണ് മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിനായി ഉപയോഗിക്കുന്നത്. ദേശിയ ആരോഗ്യ ദൗത്യത്തിന്‍റെ മേല്‍നോട്ടത്തില്‍ ഒരു ഡോക്ടര്‍, നേഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ആധുനിക സംവിധാനങ്ങളുള്ള സഞ്ചരിക്കുന്ന മെഡിക്കല്‍ ക്ലിനിക്കില്‍ ഉണ്ടാകുക. ഡെങ്കി പനി, ചിക്കന്‍ഗുനിയ, എലിപ്പനി തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഈ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കില്‍ ലഭ്യമാണ്. ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ മൊബൈലില്‍ അടക്കം പരിശോധന ഫലങ്ങള്‍ ലഭ്യമാക്കുന്നതിനും അതോടൊപ്പം വിദഗ്ധ ചികിത്സ വേണ്ടവരുടെ വിവരങ്ങള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൈമാറാനും സാധിക്കുന്നതാണ്. 

ദേശിയ ആരോഗ്യ ദൗത്യവും സംസ്ഥാന ടിബി സെല്ലും സംയുക്തമായാണ് ഈ മൊബൈല്‍ ക്ലിനിക്ക് നടത്തുന്നത്. ക്ഷയ രോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കിയതെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്താണ് പ്രളയബാധിത മേഖലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടി ഇവ സജ്ജമാക്കാന്‍ തീരുമാനിച്ചത്. പ്രളയം മൂലം ഒറ്റപ്പെട്ട് കിടക്കുന്ന പല മേഖലകളിലേക്കും ഈ മൊബൈല്‍ ക്ലിനിക്കിന് എത്താന്‍ കഴിയും. അതോടെ പകര്‍ച്ച വ്യാധികള്‍ നിരീക്ഷിക്കുന്നതിനും ചികിത്സ ലഭ്യമാക്കാനും കഴിയുന്നു. ഇതോടൊപ്പം എലിപ്പനി പ്രതിരോധത്തിനുള്ള മരുന്ന് ഈ ക്ലിനിക് വഴി വിതരണം ചെയ്യുന്നതാണ്.

ആരോഗ്യവകുപ്പിന്‍റെ സ്ഥിരസാന്നിധ്യം ലഭ്യമല്ലാത്ത തീരദേശ മേഖല, വന മേഖല, അന്യസംസ്ഥാന തൊഴിലാളികള്‍ അധിവസിക്കുന്ന മേഖല എന്നിവിടങ്ങളില്‍ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകളുടെ സേവനം ലഭ്യമാകും. ഏഴ് ജില്ലകള്‍ക്ക് ഒരു നോഡല്‍ ഓഫീസര്‍ എന്ന നിലയ്ക്ക് പതിനാല് ജില്ലകളെ രണ്ടായി തിരിച്ച് രണ്ടു നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തനം. ക്ഷയം, കുഷ്ഠം, മറ്റ് സാംക്രമിക രോഗങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനായുള്ള പരിശോധനകളും സംഘം നടത്തും. സ്റ്റേറ്റ് ടിബി ഓഫീസര്‍ ഡോ. സുനില്‍ കുമാര്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. നിത, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍, സ്റ്റേറ്റ് എച്ച്.ആര്‍. മാനേജര്‍ സുരേഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios