സംസ്ഥാനത്തെ അഞ്ച് പ്രധാന ചെക്‌പോസ്റ്റുകളില്‍ അത്യന്താധുനിക സ്‌കാനറുകള്‍ സ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. എക്‌സൈസ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഓപ്പറേഷന്‍ ഭായി തുടരുമെന്നും എക്‌സൈസ് കമ്മിഷണര്‍.

മുത്തങ്ങ, മഞ്ചേശ്വരം, വാളയാര്‍, ആര്യങ്കാവ്, അമരവിള ചെക്‌പോസ്റ്റുകളിലാണ് ആധുനിക സ്‌കാനറുകള്‍ സ്ഥാപിക്കുന്നത്. വാഹനത്തിനുളളിലെ മൊട്ടുസൂചി വരെ വ്യക്തമാക്കുന്ന സ്‌കാനര്‍ വഴി സംസ്ഥാനത്തേക്ക് അനധികൃതമായി കടത്തുന്നതെന്തും പിടികൂടാന്‍ കഴിയും. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ ഉളള ആറു വകുപ്പുകള്‍ക്കും ഉപകാരപ്പെടുന്നതാണ് ഈ സ്‌കാനറുകളെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ദ്ധനയാണ് എക്‌സൈസ് കേസുകളില്‍ ഈ വര്‍ഷം ഉണ്ടായിട്ടുളളത്. നാല്‍പത് ദിവസത്തിനുള്ളില്‍ 3555 അബ്കാരി കേസുകള്‍ എടുത്തു. 3468 പേരെ അറസ്റ്റു ചെയ്തു. ലഹരി മരുന്ന് കേസുകള്‍ 436. അറസ്റ്റിലായത് 477 പേര്‍. 130 കിലോ കഞ്ചാവിനു പുറമ, ഹാഷിഷും, ബ്രൗണ്‍ ഷുഗറും ഹെറോയിനും പിടികൂടി. 200 വാഹനങ്ങള്‍ പിടിച്ചെടുത്തു. 10000 ലിറ്റര്‍ അരിഷ്ടം, 410 ലിറ്റര്‍ സ്പിരിറ്റ്, 680 ലിറ്റര്‍ വ്യാജ കള്ള് പതിനയ്യായിരം ലിറ്റര്‍ കോട എന്നിവയും പിടികൂടി. പുകയില ഉല്‍പ്പനങ്ങള്‍ പിടികൂടിയ വകയില്‍ പതിമൂന്ന് ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കിയതായും എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.