1960ലെ സിന്ധു നദീജല കരാര്‍ പ്രകാരമാണ് ഇന്ത്യയിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്ന പടിഞ്ഞാറന്‍ നദികളിലെ വെള്ളം ഇരുരാജ്യങ്ങളും പങ്കുവയ്‌ക്കുന്നത്. സിന്ധു നദീജലം ഇന്ത്യയ്‌ക്കും ഉപയോഗിക്കാനുള്ള അവകാശം കരാര്‍ നല്കുന്നുണ്ടെങ്കിലും ഇത് വരെ പാകിസ്ഥാനോട് ഉദാരമായ നയമാണ് ഇന്ത്യ സ്വീകരിച്ചുവന്നത്. പുതിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്നു വിളിച്ച യോഗത്തില്‍ രക്തവും ജലവും ഒന്നിച്ചൊഴുകില്ല എന്ന സന്ദേശം പാകിസ്ഥാനു നല്കണമെന്നാണ് വ്യക്തമാക്കിയത്. കരാര്‍ റദ്ദാക്കില്ലെങ്കിലും ഝലം, ഛിനാബ്, സിന്ധു നദികളിലെ ജലം ഡാം പണിതും വൈദ്യുതി ഉല്‍പാദനത്തിലൂടെയും ഇന്ത്യ പരമാവധി ഉപയോഗിക്കണം എന്നാണ് ധാരണ. 15,000 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനുള്ള പദ്ധതികള്‍ ആലോചിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഇത് പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കും.
അതേസമയം കുല്‍ഗാമില്‍ ഇന്ന് സിആര്‍പിഎഫ് ജവാന്‍മാരുടെ വാഹനവ്യൂഹത്തിനു നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. അഞ്ചു ജവാന്‍മാര്‍ക്കു ആക്രമണത്തില്‍ പരിക്കേറ്റു. ആഭ്യന്തര സുരക്ഷ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും പാകിസ്ഥാനെ ഭീകരരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തു വന്നു. അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ നിയന്ത്രിത തിരിച്ചടിക്കുള്ള അനുമതി പ്രതിരോധ സേനകള്‍ക്കു നല്കിയെന്നാണ് സൂചന. കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍യോഗ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ പച്ചക്കൊടി. ഒരു യുദ്ധത്തിലേക്ക് നയിക്കാത്ത തരത്തിലുള്ള ഓപ്പറേഷനാണ് ലക്ഷ്യമെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്കുന്ന സൂചന.
