വഞ്ചനാദിനം ആചരിച്ച് കോണ്‍ഗ്രസ്

ദില്ലി: നരേന്ദ്രമോദി സർക്കാർ ഇന്ന് നാലു വർഷം പൂർത്തിയാക്കുന്നു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന റാലി ഇന്ന് ഒഡീഷയിലെ കട്ടക്കിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി റാലിയിൽ പങ്കെടുക്കും. കിഴക്കേ ഇന്ത്യയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നാലാം വാർഷികാഘോഷം ബിജെപി ഒഡീഷയിലാക്കിയത്. ദില്ലിയിൽ സർക്കാരിന്‍റെ നേട്ടങ്ങള്‍ വിശദീകരിക്കാൻ പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ വാർത്താസമ്മേളനം നടത്തും. അതേസമയം ഇന്ന് വഞ്ചനാദിനമായി ആചരിക്കാൻ കോൺഗ്രസ് ആഹ്വാനം നല്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധമാർച്ചുകൾ സംഘടിപ്പിക്കും.ഇന്ധനവില കുറയ്ക്കാൻ പ്രധാനമന്ത്രിയെ രാഹുൽഗാന്ധി നേരത്തെ വെല്ലുവിളിച്ചിരുന്നു.

നാലാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കഴിഞ്ഞ നാല് വർഷത്തെ വിവിധ മന്ത്രാലയങ്ങളുടെ നേട്ടങ്ങള്‍ വിവരിക്കുന്ന പ്രദര്‍ശനവും ദില്ലിയില്‍ തുടങ്ങി. ജനപഥിലെ അംബേദ്കര്‍ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തില്‍ കേരളത്തില്‍ നിന്ന് കൊച്ചി റിഫൈനറിയും എല്‍എന്‍ജി ടെര്‍മിനലും പങ്കെടുക്കുന്നുണ്ട്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.