ന്യൂഡല്‍ഹി: അഴിമതി നടത്തുന്നവരെ വെറുതെവിടില്ലെന്നും തന്റെ ബന്ധുക്കളാണെങ്കിലും സംരക്ഷിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പാവപ്പെട്ടവരെ സഹായിക്കാൻ ചില പ്രഖ്യാപനങ്ങൾ ഉടൻ നടത്തുമെന്നും മോദി ബിജെപി ദേശീയ നിർവ്വാഹകസമിതി യോഗത്തെ അറിയിച്ചു. രാജ്യത്ത് സാമ്പത്തികമാന്ദ്യം ഉണ്ടെന്ന വാദം തള്ളിയ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

 1400 എംഎൽഎമാരും 337 എംപിമാരും പങ്കെടുത്ത വിപുലീകൃത ബിജെപി ദേശീയ നിർവ്വാഹകസമിതി യോഗത്തിൽ അഴിമതിക്കെതിരെ ശക്തമായ സന്ദേശമാണ് നരേന്ദ്ര മോദി നല്കിയത്. പാർട്ടിക്കുള്ളിലും സർക്കാരിലും അഴിമതി അനുവദിക്കില്ല. ആരെയും വെറുതെവിടില്ലെന്നും നരേന്ദ്ര മോദി വ്യക്തമാക്കി

രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഉണർവ്വു നല്കാനും അഴിമതി ഇല്ലാതാക്കാനും മോദിക്ക് കഴിഞ്ഞു എന്ന് വ്യക്തമാക്കുന്ന രാഷ്ട്രീയ പ്രമേയമാണ് നിർവ്വാഹകസമിതി യോഗം അംഗീകരിച്ചത്. നോട്ട് അസാധുവാക്കൽ വലിയ ചുവടുവയ്പായിരുന്നു എന്ന് പ്രമേയം പറയുന്നു. വളർച്ചാ നിരക്ക് ഇടിഞ്ഞത് താല്ക്കാലിക പ്രതിഭാസമാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ദോക്ലാം സംഘർഷം ശാന്തമായി പരിഹരിച്ചതിന് യോഗം മോദിയെ അഭിനന്ദിച്ചു. റോഹിങ്ക്യൻ പ്രശ്നത്തിൽ പ്രമേയം മൗനം പാലിക്കുന്നു. ഒക്ടോബർ 31ന് ഏകതയ്ക്കായി കൂട്ടയോട്ടം സംഘടിപ്പിക്കും. വൈകിട്ട് ഊർജ്ജവകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കവേ പാവപ്പെട്ടവരുടെ ക്ഷേമത്തിന് ചില പ്രഖ്യാപനങ്ങൾ നടത്തും എന്ന സൂചനയും മോദി യോഗത്തിന് നല്കി.