ചെന്നൈ: മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ 70-ാം പിറന്നാളാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും. വൈകുന്നേരം അഞ്ചരയ്ക്ക് ചെന്നൈയിലെത്തുന്ന മോദി ഇന്ന് രാത്രി പുതുച്ചേരിയിലേക്ക് പോകും.
തന്നെ ഉപമുഖ്യമന്ത്രിയാക്കാനും ഇപിഎസ് പക്ഷവുമായി ലയിക്കാനും മുന്‍കൈയെടുത്തത് മോദിയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം വെളിപ്പെടുത്തിയത് തമിഴകരാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. എഐഎഡിഎംകെയിലെ അഭ്യന്തര പ്രശ്‌നങ്ങളില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് ഇത്രകാലവും ആവര്‍ത്തിച്ചു കൊണ്ടിരുന്ന ബിജെപി നേതൃത്വത്തിന് ഒപിഎസിന്റെ വെളിപ്പെടുത്തല്‍ തിരിച്ചടിയായിരുന്നു.
വനിതകള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ ഇരുചക്രവാഹനം വാങ്ങാന്‍ അവസരമൊരുക്കുന്ന അമ്മ ടൂവീലര്‍ പദ്ധതി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത ശേഷം അദ്ദേഹം പുതുച്ചേരിക്ക് തിരിക്കും. ഒറ്റക്കെട്ടായി മുന്‍പോട്ട് പോയാല്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും ഒപ്പമുണ്ടാവുമെന്നും എന്ന വ്യക്തമായസന്ദേശം മോദിയില്‍ നിന്നും ഒപിഎസിനും ഇപിഎസിനും ലഭിക്കുമെന്നാണ് തമിഴകരാഷ്ട്രീയത്തില്‍ പരക്കുന്ന അഭ്യൂഹം.
കമലഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുകയും കാവേരി കേസില്‍ തമിഴ്‌നാടിനെതിരായി വിധി വരികയും ചെയ്ത പുതിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്.
