മോദി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിനിന്‍റെ നിർമ്മാണം നിലച്ചതായി റിപ്പോർട്ടുകൾ. ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയായ ജൈക്ക ഫണ്ട് നൽകുന്നത് നിർത്തിയെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രശ്ന പരിഹാരത്തിന് കേന്ദ്രം പ്രത്യേക കമ്മിറ്റിയ്ക്ക് രൂപം നൽകി.
ദില്ലി: മോദി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിനിന്‍റെ നിർമ്മാണം നിലച്ചതായി റിപ്പോർട്ടുകൾ. ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയായ ജൈക്ക ഫണ്ട് നൽകുന്നത് നിർത്തിയെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രശ്ന പരിഹാരത്തിന് കേന്ദ്രം പ്രത്യേക കമ്മിറ്റിയ്ക്ക് രൂപം നൽകി.
ഒരു ലക്ഷം കോടി മുതൽ മുടക്കുള്ള മുംബൈ അഹമ്മബാദ് അതിവേഗ ട്രെയിൻ പദ്ധതിക്ക് 80000 കോടി നൽകുന്നത് ജൈക്കയാണ്. ഇതിൽ 125 കോടി ഇതുവരെ നൽകി. പദ്ധതി ഇതിനകം പല കാരണങ്ങളാൽ തടസപ്പെടുകയും മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥലമേറ്റെടുപ്പു നിർത്തിവെക്കുകയും ചെയ്തു. സ്ഥലമേറ്റെടുക്കലിലെ തർക്കം കാരണം ഗുജറാത്തിലെ കർഷകർ ഹൈക്കോടതിയെ സമീപിച്ചു. പരിസ്ഥിതി സാമൂഹിക പ്രതാഘാതം മനസ്സിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിട്ടെന്ന് കാണിച്ച് ജൈക്കക്കും കർഷകർ പരാതി നൽകി.
ഇതോടെയാണ് ജൈക്ക തൽക്കാലത്തേക്ക് പണം നൽകുന്നത് നിർത്തിയതെന്നാണ് റിപ്പോർട്ടുകൾ. കർഷക സമരം ഒത്തു തീരുന്നത് വരെ പണം അനുവദിക്കില്ലെന്ന നിലപാടിലാണ് ജൈക്കയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഗുജറാത്ത് മഹാരാഷ്ട്ര സർക്കരുകളുടെ നീതി ആയോഗിലേയും, ധന വകുപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങിയ കമ്മറ്റി പഠനം തടങ്ങിയതായും സർക്കാർ വൃത്തങ്ങൾ പറയുന്നു.
