റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ പരീക്കര്‍ക്ക് അറിയാമെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പരീക്കറെ മാറ്റിയാല്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുമെന്നും ചോദാക്കര്‍ പറഞ്ഞു.

പനാജി: മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മറ്റാന്‍ അമിത് ഷാക്കും മോദിക്കും ഭയമാണെന്ന് കോണ്‍ഗ്രസ്. ഗോവയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദാക്കറാണ് ആരോപണവുമായി രംഗത്തെത്തിയത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ പരീക്കര്‍ക്ക് അറിയാമെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പരീക്കറെ മാറ്റിയാല്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുമെന്നും ചോദാക്കര്‍ പറഞ്ഞു.

'എനിക്ക് ഉറപ്പാണ് റഫാല്‍ കരാറുമായി ബന്ധപ്പെട്ടുള്ള നിരവധി വിവരങ്ങള്‍ മനോഹര്‍ പരീക്കര്‍ക്ക് അറിയാം. ആ സമയത്ത് പ്രതിരോധ മന്ത്രിയായിരുന്നു അദ്ദേഹം'; ചോദാക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് പരീക്കർ തുടരുമെന്ന അമിത്ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ചോദാക്കറുടെ ആരോപണം.

പൂർണ്ണ ആരോഗ്യത്തോടെ പരീക്കർ എത്രയും വേഗം സുഖം പ്രാപിച്ച് തിരിച്ചു വരണമെന്നാണ് കോൺഗ്രസിന്റെ പ്രർത്ഥന. കഴിഞ്ഞ ഏഴ് മാസമായി മന്ത്രിയുടെ അഭാവത്താൽ എല്ലാ ഭരണ സംവിധാനങ്ങളും കുത്തഴിഞ്ഞ് കിടക്കുകയാണെന്നും ഇദ്ദേഹത്തെ കൂടാതെ മറ്റ് രണ്ട് മന്ത്രിമാർ കൂടി ആശുപത്രിയിലാണെന്നും ഇങ്ങനെ പോയാൽ താമസിക്കാതെ തന്നെ ഗോവയെ തീവ്ര പരിചരണ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നും ചോദാക്കർ പറഞ്ഞു.

എട്ട് മാസം മുമ്പാണ് മനോഹർ പരീക്കർ ചികിത്സക്കായി അമേരിക്കയിൽ പോയത്. അന്ന് മുതൽ മൂന്ന് പേരടങ്ങിയ അഡ്വൈസർ കമ്മിറ്റിയാണ് ഗോവയിലെ ഭരണകാര്യങ്ങള്‍ തീരുമാനിക്കുന്നത്. പരീക്കറുടെ അഭാവത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചിരുന്നു.