അപ്രതീക്ഷിത ആലിംഗനത്തിലൂടെ പ്രധാനമന്ത്രിയെ രാഹുല്‍ അപമാനിക്കരുതായിരുന്നു.

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തതിനെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. രാഹുല്‍ കെട്ടിപ്പിടിച്ച സ്ഥിതിക്ക് പ്രധാനമന്ത്രി മെഡിക്കല്‍ ടെസ്റ്റ് നടത്തണമെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

അപ്രതീക്ഷിത ആലിംഗനത്തിലൂടെ പ്രധാനമന്ത്രിയെ രാഹുല്‍ അപമാനിക്കരുതായിരുന്നു. പാര്‍ലമെന്റിനുള്ളിലെ പ്രധാനമന്ത്രിയുടെ സുരക്ഷയാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇത് തീര്‍ത്തും അധാര്‍മികമാണ്, ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. ഉത്തരകൊറിയയിലും റഷ്യയിലുമെല്ലാം ആലിംഗനത്തിലൂടെ ശരീരത്തില്‍ വിദഗ്ദ്ധമായി വിഷം കുത്തിവയ്ക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. രാഹുലിനെ അതിനിശിതമായി വിമര്‍ശിച്ചു കൊണ്ട് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. 

വെള്ളിയാഴ്ച്ച ലോക്‌സഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്ത സംസാരിച്ച ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്രഷറി ബെഞ്ചിലെത്തി പ്രധാനമന്ത്രിയെ ആലിഗംനം ചെയ്തത്. അപ്രതീക്ഷിതമായ ആലിംഗനത്തില്‍ ആദ്യം അമ്പരന്ന പ്രധാനമന്ത്രി പിന്നീട് രാഹുലിനെ തിരിച്ചു വിളിച്ച് ഹസ്തദാനം ചെയ്തിരുന്നു.