കോഴിക്കോട് കടപ്പുറത്ത് നരേന്ദ്ര മോദി സംസാരിച്ചത് ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ എന്തു സംഭവിക്കുമെന്ന് ഉറ്റുനോക്കിയിരുന്ന ലോകനേതാക്കളോടാണ്. നയതന്ത്രജ്ഞന്റെ ഭാഷയാണ് മോദി ഉപയോഗിച്ചത്. പാകിസ്ഥാനിലെ ജനങ്ങളോട് നേരിട്ടു സംസാരിച്ച മോദി ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണെന്ന സന്ദേശം ലോകനേതാക്കള്‍ക്ക് നല്കി. ഇത് ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ക്ക് കരുത്തു പകരും. എന്നാല്‍ പ്രധാനമന്ത്രിയായ ശേഷമുള്ള ഏറ്റവും രൂക്ഷ ഭാഷയിലാണ് പാകിസ്ഥാനെ മോദി ആക്രമിച്ചത്. മോദിയുടെ പ്രസംഗം നല്കുന്ന പ്രധാന സൂചനകള്‍ ഇവയാണ്
1. ഇന്ത്യ ഒരു തുറന്ന യുദ്ധത്തിലേക്ക് പോകില്ല. എന്നാല്‍ അതിര്‍ത്തിയില്‍ ഏതു തരത്തിലുള്ള തിരിച്ചടി വേണം എന്ന് സൈന്യത്തിന് തീരുമാനിക്കും. അവര്‍ക്ക് 125 കോടി ഇന്ത്യക്കാരുടെ പിന്തുണയുണ്ട്.
2. ആദ്യം സത്യപ്രതിജ്ഞയിലും പിന്നീട് ലാഹോറിലും കണ്ട നവാസ് ഷെരീഫ്-നരേന്ദ്ര മോദി സൗഹൃദം ഇനി അതേപടി തുടരണമെന്നില്ല. നവാസ് ഷെരീഫിനെയും ഭീകരവാദികളും സൈന്യവും നിയന്ത്രിക്കുന്ന പാക് ഭരണകൂടത്തിന്റെ പ്രതിനിധിയായി മോദി മാറ്റി. അതിനാലാണ് ജനങ്ങളോട് നേരിട്ട് സംസാരിച്ചത്
3. ബലുചിസ്ഥാനിലെയും ദില്‍ജിത് ബാള്‍ട്ടിസ്ഥാനിലെയും പ്രശ്നങ്ങള്‍ പാകിസ്ഥാനെതിരെ ആയുധമാക്കുന്ന നടപടി തുടരും
4. സംഘര്‍ഷ അന്തരീക്ഷമുണ്ടെങ്കിലും പാകിസ്ഥാനുമായുള്ള വ്യാപാര ബന്ധമോ ശ്രീനഗര്‍ മുസഫറബാദ് ബസ് സര്‍വ്വീസോ പോലുള്ള സൗഹൃദ നടപടികള്‍ തുടരും.
5. ജമ്മുകശ്‍മീരിലെ സംഘര്‍ഷം പരിഹരിക്കുന്നതിലും സുരക്ഷാ സേനകള്‍ക്ക് മുന്‍കൈ നല്കും. വിഘനവാദികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കില്ല.
തല്‌ക്കാലം പാകിസ്ഥാന് ഒരു അവസരം കൂടി നല്കുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ പാകിസ്ഥാന്‍ വിഷയത്തില്‍ ഉയരുന്ന വികാരത്തിനൊപ്പം നില്‌ക്കാനാണ് നരേന്ദ്ര മോദി ശ്രമിച്ചത്. ആ വികാരം ഒരു യുദ്ധത്തിലേക്ക് നീങ്ങുന്നത് മുന്നു വട്ടം ആലോചിച്ചേ ഉണ്ടാവൂ എന്നും മോദി കോഴിക്കോട്ട് പറയാതെ പറഞ്ഞു.
