ജൂണ്‍ 7, 8 തീയതികളിലായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുക. അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമയുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ച നടത്തും. രാഷ്ട്രനേതാക്കള്‍ വരുമ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സ്റ്റേറ്റ് സന്ദര്‍ശനമായി ഇതിനെ മാറ്റുമെന്നാണ് സൂചന. ഇന്ത്യയുമായി മികച്ച സാമ്പത്തിക സഹകരണം ഉറപ്പു വരുത്തി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ഒഴിയാമെന്നാണ് ഒബാമ കണക്കു കൂട്ടുന്നത്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഒബാമയുടെ കാലയളവിലെ അവസാനത്തെ സ്റ്റേറ്റ് സന്ദര്‍ശനമായിരിക്കുമെന്നാണ് സൂചന. സന്ദര്‍ശനത്തിനിടെ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ നരേന്ദ്രമോദിക്ക് അവസരമൊരുക്കണമെന്ന് യുഎസ് പ്രതിനിധി സഭയിലെ അംഗങ്ങള്‍ സ്‌പീക്കര്‍ക്ക് കത്ത് നല്‍കി. പ്രതിരോധം, ദുരിതാശ്വാസം, ബഹിരാകാശ രംഗത്തെ സഹകരണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുമായുള്ള ബന്ധം വളര്‍ത്താന്‍ പറ്റിയ അവസരം യുഎസ് കോണ്‍ഗ്രസാണെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ച് വൈറ്റ് ഹൗസോ പ്രധാനമന്ത്രിയുടെ ഓഫീസോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.