ഇന്ത്യ ചൈന തര്‍ക്കത്തിനിടെ മോദി ചൈനയിലേക്ക്

ദില്ലി: അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ ഉള്‍പ്പടെ ഇന്ത്യ ചൈന തര്‍ക്കം രൂക്ഷമായതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചൈനയില്‍ എത്തും. പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നാളെയും മറ്റന്നാളും അനൗദ്യോഗിക ചര്‍ച്ച നടത്തും.

ജൂണില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച്ച. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും. ദോക്ലാം സംഘര്‍ഷം,അരുണാചല്‍ അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം, പാക് അധിനിവേശ കശ്മീരിലെ ചൈനീസ് റോഡ് നിര്‍മ്മാണം എന്നീ വിഷയങ്ങളും ചര്‍ച്ചയായേക്കും.

ആണവവിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ അംഗത്വവും വുഹാനില്‍ നടക്കുന്ന ഇരു നേതാക്കളുടേയും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകും.മോദി ഷിജിന്‍പിങ്ങ് കൂടിക്കാഴ്ചയക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കണമെന്ന് ചൈന പാകിസ്ഥാനോട് ആവശ്യപ്പെട്ടതും ശ്രദ്ധേയമായി.