അഹമ്മദാബാദ്: കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ പുതിയ ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയ്യര്‍ പാക്കിസ്ഥാനില്‍ പോയപ്പോള്‍ തന്നെ ഇല്ലാതാക്കാനായി അവിടുത്തുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍നിന്നു മാറ്റിയെങ്കില്‍ മാത്രമേ ഇന്ത്യ–പാക്കിസ്ഥാന്‍ സമാധാന ചര്‍ച്ചകള്‍ മുന്നോട്ടു പോകൂവെന്ന് മണിശങ്കര്‍ അയ്യര്‍ പാക്കിസ്ഥാനില്‍ചെന്നു പറഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ബനാസ്കന്ദയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
എന്തുദ്ദേശ്യത്തിലാണ് മണിശങ്കര്‍ അത്തരമൊരു പരാമര്‍ശം നടത്തിയത്? ഞാന്‍ ചെയ്ത തെറ്റെന്താണ്? ജനങ്ങളുടെ അനുഗ്രഹം എനിക്കുണ്ടെന്നതാണോ? – മോദി ചോദിച്ചു. 2015 നവംബറില്‍ പാക്കിസ്ഥാനി ന്യൂസ് ചാനലായ ദുനിയ ടിവിയിലെ ചര്‍ച്ചയ്‌ക്കിടെയാണ് മണിശങ്കര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. ഇന്ത്യ– പാക്ക് ബന്ധം എങ്ങനെ മെച്ചപ്പെടുത്താമെന്നു ചോദിച്ചപ്പോഴായിരുന്നു വിവാദമായ മറുപടി. ‘നരേന്ദ്ര മോദിയെ നീക്കുകയാണ് ഏറ്റവും പ്രധാന മാര്‍ഗം. എന്നാല്‍ മാത്രമേ ചര്‍ച്ച മുന്നോട്ടു പോകുകയുള്ളൂ.
നാലു വര്‍ഷം കൂടെ നമുക്ക് കാത്തിരിക്കാം. മോദി അധികാരത്തില്‍ ഇരിക്കുമ്പോള്‍ സമാധാനശ്രമങ്ങളുമായി മുന്നോട്ടു പോകാമെന്നാണ് ഇവര്‍ (പാനലിസ്റ്റുകള്‍) പറയുന്നത്. എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസിനെ അധികാരത്തില്‍ കൊണ്ടുവരണം. അതല്ലാതെ ബന്ധം മെച്ചപ്പെടുത്താന്‍ മറ്റു മാര്‍ഗങ്ങളില്ല. അവരെ ഞങ്ങള്‍ പുറത്താക്കുംവരെ പാക്കിസ്ഥാന്‍ കാത്തിരിക്കണം’– മണിശങ്കറിന്റെ മറുപടി ഇങ്ങനെയായിരുന്നു.
അതേസമയം, പ്രധാനമന്ത്രിക്കസേരയോടാണ് കോണ്‍ഗ്രസിന് ബഹുമാനമെന്ന് ഗുജറാത്തിലെ റാലിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
