മോഡ്രിച്ച് എക്കാലത്തെയും മികച്ച ക്രൊയേഷ്യന്‍ താരമെന്നും വിശേഷണം

മോസ്‌കോ: അര്‍ജന്‍റീനന്‍ സ്‌ട്രൈക്കര്‍ ലിയോണല്‍ മെസിയെ അന്യഗ്രത്തില്‍ നിന്നുവന്ന താരമെന്ന് പലരും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പുഘട്ട മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മറ്റൊരു താരത്തിനും ഈ വിശേഷണം ലഭിച്ചു. ഈ ലോകകപ്പില്‍ വിസ്‌മയം കാട്ടുന്ന ക്രൊയേഷ്യയുടെ മധ്യനിര എഞ്ചിന്‍ ലൂക്കാ മോഡ്രിച്ചിനാണ് ഇപ്പോള്‍ ഈ വിശേഷണം ലഭിച്ചിരിക്കുന്നത്.

ക്രൊയേഷ്യന്‍ ടീമിലെ സഹതാരവും ബാഴ്‌സയുടെ മധ്യനിരതാരവുമായ ഇവാന്‍ റാക്കിറ്റിച്ചാണ് റയല്‍ മാഡ്രിഡ് സൂപ്പര്‍താരത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്. ലോകകപ്പില്‍ ക്രൊയേഷ്യയെ മുന്നില്‍നിന്നു നയിക്കുന്ന മോഡ്രിച്ച് മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് തവണ വലകുലുക്കിയിരുന്നു. ബാഴ്‌സലോണയിലെ സഹതാരം ആന്ദ്രേ ഇനിയസ്റ്റയും അന്യഗ്രത്തില്‍ നിന്നുള്ള താരമാണെന്ന് റാക്കിറ്റിച്ച് പറയുന്നു. 

മോഡ്രിച്ച് എക്കാലത്തെയും മികച്ച ക്രൊയേഷ്യന്‍ താരമാണ്. മികച്ച നായകനും വ്യക്തിയുമെന്ന നിലയില്‍ മോഡ്രിച്ചിനെ പിന്തുടരാന്‍ ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍ സഹതാരങ്ങള്‍. ദൈവം അനുഗ്രഹിച്ചാന്‍ ഈ ലോകകപ്പില്‍ ചരിത്രം കുറിക്കുമെന്നും റാക്കിറ്റിച്ച് പറയുന്നു. ഗ്രൂപ്പ് മത്സരങ്ങളില്‍ അര്‍ജന്‍റീന, നൈജീരിയ, ഐസ്‌ലന്‍ഡ് എന്നിവരെ തോല്‍പിച്ച ക്രൊയേഷ്യക്ക് പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കാണ് എതിരാളികള്‍.