രാഷ്ട്രീയ ലാഭത്തിന് വേണ്ടി ടീമിനെ സലാ പിന്തള്ളുമോയെന്ന ആരാധകരുടെ ആശങ്കയ്ക്ക് വിരാമം

ലോകകപ്പിന് ശേഷം ഈജിപ്ത് ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി മുഹമ്മദ് സലാ. ചെച്ചെനിയന്‍ നേതാവ് റമദാന്‍ കദ്യരോവിന്റെ ആദരം സ്വീകരിച്ചതിന് പിന്നാലെ സലാ ഈജിപ്ത് ടീമില്‍ നിന്ന് വിരമിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. റമദാനൊപ്പമുള്ള ചിത്രങ്ങള്‍ മുഹമ്മദ് സലാ തന്നെ പങ്ക് വച്ചതായിരുന്നു വാര്‍ത്തകളുടെ അടിസ്ഥാനം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ടീമിനെ സലാ പിന്തള്ളുമോയെന്ന് ആരാധകരും ഭയന്നിരുന്നു. 

ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും മുഹമ്മദ് സലായെ ചെചന്യ പ്രവിശ്യാ ഭരണകൂടം പൗരത്വം നല്‍കി ആദരിച്ചിരുന്നു. എന്നാല്‍ ഫുട്ബോളിന് അപ്പുറമുള്ള ഒന്നും തങ്ങള്‍ക്കിടയില്‍ ഇല്ലെന്നാണ് സലാ വിശദമാക്കുന്നത്. ഈജിപ്ത് ടീമില്‍ നിന്ന് വിരമിക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും സലാ വിശദമാക്കി.

സലായ്ക്ക് നല്‍കിയ ബഹുമാനം തെറ്റായ രീതിയില്‍ വളച്ചൊടിച്ചെന്ന് ചെച്നിയന്‍ റിപബ്ലികിന്റെ നേതൃത്വവും വിശദമാക്കി. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കുപ്രസിദ്ധമായ പ്രദേശത്തിന്റെ ചീത്തപ്പേരുമാറ്റാനാണ് സലായ്ക്ക് പൗരത്വം നല്‍കിയ നടപടിക്ക് പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു.