സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള വിവിധ സംരക്ഷണ കേന്ദ്രങ്ങളാണ് വെള്ളിമാടുകുന്നിലെ ഈ വളപ്പില്‍ പ്രവര്‍ത്തിക്കുന്നത്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രങ്ങളില്‍ നിന്ന് കേള്‍ക്കുന്നത് അത്ര ആശ്വാസ്യകരമായ വാര്‍ത്തകളല്ല.കൂടുതല്‍ പരാതികളുയരുന്നത് ആണ്‍കുട്ടികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തെ കുറിച്ചാണ്.അഭയം തേടിയെത്തുന്ന കുട്ടികള്‍ ലൈഗിംക ചൂഷണത്തിനിരയാകുന്നു. 

അഞ്ചു മുതൽ പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികളെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്.ജുവനൈല്‍ കേസുകളില്‍ പെട്ടവരേയും മറ്റ് കുട്ടികള്‍ക്കൊപ്പമാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ ഉപദ്രവിക്കാറുണ്ടെന്ന് മറ്റ് കുട്ടികള്‍ പരാതിപ്പെടുന്നു. ഷെൽറ്റർ ഹോമിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിലെ പ്രതി ഇവിടെ ഇപ്പോഴും ജീവനക്കാരനായി തുടരുന്നുവെന്നത് മറ്റൊരു വൈരുധ്യം. കേസ് പുറത്തുനടക്കുമ്പോഴും സാമൂഹ്യക്ഷേമവകുപ്പ് ഇയാള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

കുട്ടികൾക്കായി കൗൺസിലിങ്ങ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും ഇവയൊന്നും ഫലവത്താകാറില്ല എന്നതാണ് സത്യം. വെള്ളിമാടുകുന്നിലെ ഈ സുരക്ഷാകേന്ദ്രത്തില്‍ കുഞ്ഞ‌ുങ്ങള്‍ അനുഭവിക്കുന്നത് പുറത്ത് പറയാന്‍ പോലും വയ്യാത്ത പീഡനങ്ങളാണ്. അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണ് ഉദ്യോഗസ്ഥര്‍.