ലഖ്നൗ; സവര്‍ണരുടെ പീഡനത്തെ തുടര്‍ന്ന് യു.പിയില്‍ അന്‍പതോളം ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ ദളിതരാണ് മതം മാറുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയിലും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിലും പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ഭരണകര്‍ത്താക്കള്‍ പോലും ദളിത് വിരുദ്ധരാണെന്ന് വ്യക്തമായി. അതിനാലാണ് മതം മാറുന്നതെന്ന് ദളിതര്‍ വ്യക്തമാക്കി. 

ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന വാര്‍ത്ത അറിഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്‍മാറാന്‍ തയ്യാറായില്ല. ഇസ്ലാം മതം സ്വീകരിക്കുമെന്ന നിലപാടില്‍ ഉറച്ചു നിന്ന ദളിതര്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ പുഴയില്‍ ഒഴുക്കുകയും ചെയ്തു. അടുത്തിടെ ഷറന്‍പൂര്‍, സാമ്പാല്‍ എന്നിവിടങ്ങളില്‍ ദളിതരും സവര്‍ണ്ണ വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.

സവര്‍ണ മേധാവിത്വം കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്ന് ദളിതര്‍ പറഞ്ഞു. സവര്‍ണരെ ഭയന്ന് ബാര്‍ബര്‍മാര്‍ തങ്ങളുടെ മുടി വെട്ടാന്‍ പോലും തയ്യാറാകുന്നില്ല. തങ്ങളുടെ താടിയും മുടിയും വളര്‍ന്ന് ഇസ്ലാമിനെപ്പോലെയായി. ഇതോടെ ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാവുകയായിരുന്നെന്ന് ദളിതര്‍ പറഞ്ഞു.