തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടുന്നതിനായി 30 ബോട്ടുകള്‍ അടങ്ങിയ കരസേനാ സംഘം കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  ജോധ്പൂരില്‍ നിന്നായിരിക്കും കൂടുതല്‍ സൈന്യമെത്തുന്നത്. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ജോധ്പുരിൽ നിന്നുള്ള 30 ബോട്ടുകൾ അടങ്ങിയ കരസേനാ സംഘത്തെ കേരളത്തിലേക്ക് അയക്കാൻ തീരുമാനിച്ചു. ജോധ്പൂരിൽ നിന്നുള്ള സംഘത്തെ കേരളത്തിന് അനുവദിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി യാത്ര തടഞ്ഞിരിക്കുകയായിരുന്നു. ഇതേതുടർന്ന് മുഖ്യമന്ത്രി കേന്ദ്ര പ്രതിരോധമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. നിശ്ചയിക്കപ്പെട്ട സംഘത്തെ അയക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രി പ്രതിരോധ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് സാങ്കേതിക കാര്യങ്ങൾ മറികടന്ന് സേനയെ അയക്കാമെന്ന് പ്രതിരോധ മന്ത്രി അറിയിക്കുകയായിരുന്നു.