കോഴിക്കോട്: നാദാപുരം അസ്ലം വധക്കേസില്‍ കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ് കസ്റ്റഡിയിലായത്. കൊലയാളികള്‍ സഞ്ചരിച്ച വാഹനം വാടകക്ക് കൊടുത്തത് സിപിഎം പ്രവര്‍ത്തകനായ വളയം സ്വദേശി സുമോഹന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്ന് കാര്‍ നല്‍കിയ നിധിന്‍ മൊഴി നല്‍കി. 

തലശ്ശേരിയില്‍ നടന്ന കൊലപാതക കേസില്‍ പ്രതിയും വളയം ചുഴലി സ്വദേശിയുമായ സുമോഹന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്നോവ കാര്‍ വാടകക്ക് നല്‍കിയതെന്നാണ് നിധിന്‍ മൊഴിനല്‍കിയത്. സിപിഎം പ്രവര്‍ത്തനായ സുമോഹന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. അസ്ലം വധ കേസില്‍ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലിലെടുത്തു. 

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ് കസ്റ്റഡിയിലെന്നാണ് ലഭിക്കുന്ന വിവരം . ഇവരെ ചോദ്യം ചെയ്ത് വരികയാണ്.അസ്ലം വധ കേസ്സ് അന്വേഷിച്ച എ.എസ്.പി കറുപ്പ സ്വാമിയെ മാറ്റിയത് നേരത്തെ വിവാദമായിരുന്നു. അസ്ലമിനെ കൊല്ലാന്‍ ഒത്താശ ചെയ്ത നാദാപുരം വെള്ളൂര്‍ സ്വദേശി രമീഷിനെയും കൊലയാളികള്‍ക്ക് ഒളിത്താവളം ഒരുക്കിയ കാസര്‍കോട് ബങ്കളം സ്വദേശി അനിലിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

നാദാപുരത്തെ സിപിഐ(എം) പ്രവര്‍ത്തകന്‍ ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ കഴിഞ്ഞമാസം 12 നായിരുന്നു ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നത്.