ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിൽ ട്രംപിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പ്രചാരണകാലത്തെ ട്രംപിന്‍റെ ഉപദേഷ്ടാക്കളിൽ ഒരാൾ റഷ്യൻ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് എഫ്ബിഐയോട് കള്ളംപറഞ്ഞതായി സമ്മതിച്ചു. ജോർജ് പാപഡോപോലസാണ് കുറ്റസമ്മതം നടത്തിയത്. പ്രചാരണകാലത്ത് ട്രംപിന്‍റെ അടുത്ത അനുയായി ആയിരുന്നു ജോർജ് പാപഡോപോലസ്.
ആ സമയത്ത് റഷ്യൻ ഉദ്യോഗസ്ഥരുമായി ബന്ധമുള്ള ചിലരുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചാണ് പാപഡോ എഫ്ബിഐക്ക് കള്ളമൊഴി നൽകിയത്. റഷ്യൻ ഉദ്യോഗസ്ഥരുമായി പ്രചാരണസംഘത്തിന് ചർച്ചക്ക് സമയം തീരുമാനിക്കുകയായിരുന്നു ജോർജ് പാപഡോപോലസിന്‍റെ ദൗത്യം. അതിന് സമയം തീരുമാനിക്കാൻ ആവശ്യപ്പെട്ട് മെയിലുകളും അയച്ചിരുന്നു. ഹിലരി ക്ലിന്‍റന്‍റെ ഇമെയിലുകളും കൂടികാഴ്ചയില്‍ ചർച്ചാവിഷയമായെന്നാണ് മൊഴി.
തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന റോബർട്ട് മുള്ളർ സമർപ്പിച്ച റിപ്പോർട്ടിൽ പല പ്രമുഖരുടെയും പേരുകളുണ്ടെന്ന അഭ്യൂഹം ശക്തമാണ്. അറസ്റ്റിന് മുമ്പേ പ്രചാരണസംഘം മേധാവിയായിരുന്ന പോൾ മാനഫോർട്ട് കീഴടങ്ങി. പണമിടപാടിലെ തിരിമറികളിലാണ് കീഴടങ്ങിയതെങ്കിലും മാനഫോർട്ടിനുമേൽ റഷ്യൻ ബന്ധവും ആരോപിക്കപ്പെടുന്നുണ്ട്. എല്ലാം കെട്ടിചമച്ചതാണെന്നും ഹിലരിയുടെയും അവരുടെ പ്രചാരണസംഘത്തിന്‍റെ പ്രവർത്തനങ്ങളകുറിച്ചുമാണ് അന്വേഷണം നടക്കേണ്ടതെന്നുമാണ് ട്രംപിന്‍റെ ട്വീറ്റ്.
