ബിഷപ്പിനെതിരെ കന്യാസ്ത്രീ നേരത്തെ രൂപതയിൽ പരാതി നൽകിയതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നു.
കോട്ടയം: ബിഷപ്പിനെതിരെ കന്യാസ്ത്രീ നേരത്തെ രൂപതയിൽ പരാതി നൽകിയതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നു. പരാതിയെക്കുറിച്ച് മദർ സുപ്പീരിയർ മഠത്തിലെത്തി അന്വേഷിക്കുന്നതിന്‍റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ കയ്യിൽ ശക്തമായ തെളിവുണ്ടെന്ന് കോടനാട് ഇടവകവികാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കന്യാസത്രീക്കെതിരെ അച്ചടക്കനടപടി എടുത്തതിലെ വൈരാഗ്യമാണ് ലൈഗികാരോപണത്തിന് പിന്നിലെന്നാണ് ബിഷപ്പിന്‍റെ വാദം. എന്നാല്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ അംഗമായ സന്യാസിസമൂഹത്തിന് നൽകിയ പരാതിയിൽ വിശദമായ അന്വേഷണം സഭ നടത്തിയിരുന്നുവെന്നതിന്‍റെ തെളിവുകളാണ് പുറത്ത് വരുന്നത്. മദർ സുപ്പീരയറും വികാരി ജനറലും കുറവിലങ്ങാട്ടെ മഠത്തിലെത്തി കുന്യാസ്ത്രീയിൽ നിന്നും തെളിവെടുത്തിരുന്നു. കഴിഞ്ഞ മാസം രണ്ടാം തീയതിയായിരുന്നു ഇത്. ഇതിന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ സഭ കൂടുതൽ പ്രതിരോധത്തിലായി.
അന്നത്തെ കൂടിക്കാഴ്ചയിൽ കന്യാസ്ത്രീയുടെ സഹോദരനും പങ്കെടുത്തിരുന്നു. ഈ കൂടിക്കാഴച്ചയ്ക്ക് ശേഷമാണ് കന്യാസ്ത്രീ എസ്പിക്ക് പരാതി നൽകുന്നത്. ഇതിനിടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടനിലക്കാരനായി ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി കോടനാട് ഇടവകവികാരി രംഗത്തെത്തി. പരാതി നൽകിയ കന്യാസ്ത്രീ കോടനാട് ഇടവകാംഗമായിരുന്നു. അതേസമയം, കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും അന്വേഷണസംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക.
