റിയാദ്: സൗദിയില്‍ വിദേശ തൊഴില്‍ വിസകളില്‍ ഭൂരിഭാഗവും വിതരണം ചെയ്യുന്നില്ലെന്ന് റിപ്പോര്‍ട്ട്. അനുവദിച്ച വിസകളില്‍ 11 ശതമാനം മാത്രമാണ് ഉപയോഗിച്ചത്. സ്വദേശീവല്‍ക്കരണത്തിനിടയിലും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കൂടി വരുന്നതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസത്തിനിടയില്‍ 3,14,492 വിദേശ തൊഴില്‍ വിസകള്‍ ആണ് സൗദി തൊഴില്‍ മന്ത്രാലയം അനുവദിച്ചത്. ഇതില്‍ 12,265 വിസകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും 1,55,674 വിസകള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും 1,46,553 വിസകള്‍ സ്വകാര്യ മേഖലയ്ക്കും അനുവദിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചതില്‍ 15,974 വിസകള്‍ മാത്രമാണ് ഉപയോഗിച്ചതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നു. അതായത് സ്വകാര്യ മേഖലയ്ക്ക് അനുവദിച്ച വിസകളില്‍ പതിനൊന്നു ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്തിയത്. ബാക്കിയുള്ളവ ഉപയോഗപ്പെടുത്താതിരിക്കുകയൊ റദ്ദാക്കുകയോ ചെയ്തു. സ്വദേശീവല്‍ക്കരണം ഊര്‍ജിതമാക്കിയതാണ് വിദേശികളുടെ അനുവദിക്കപ്പെട്ട വിസ പോലും ഉപയോഗിക്കാതിരിക്കാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം ഇതേ കാലയളവില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കൂടിയതായും റിപ്പോര്‍ട്ട് പറയുന്നു. സ്വദേശീ പുരുഷന്‍മാര്‍ക്കിടയില്‍ 7.2 ശതമാനവും വനിതകള്‍ക്കിടയില്‍ 33 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. 2,20,000പുരുഷന്മാര്‍ ഉള്‍പ്പെടെ ഒമ്പത് ലക്ഷത്തിലധികം സ്വദേശികള്‍ തൊഴില്‍ രഹിതരാണ്. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തെ കണക്കനുസരിച്ച് രാജ്യത്ത് 1,38,89,137 പേര്‍ ജോലി ചെയ്യുന്നു. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ കണക്കാണിത്.