പരുന്തിന്‍ കുഞ്ഞിന് അക്കിന്‍ഫീവിന്‍റെ പേര് നല്‍കി
മോസ്കോ: ലോകകപ്പില് ആതിഥേയരായ റഷ്യയെ ക്വാർട്ടറിലെത്തിച്ച ഗോൾകീപ്പർ അക്കിൻഫീവാണ് ഇപ്പോൾ രാജ്യത്തിന്റെ സൂപ്പർതാരം. മോസ്കോ മൃഗശാലയിലെ പരുന്തിൻ കുഞ്ഞിന് അക്കിൻഫീവിന്റെ പേര് നൽകിയിരിക്കുകയാണ് അധികൃതർ ഇപ്പോൾ. മോസ്കോ സ്റ്റേറ്റ് മൃഗശാലയിലെ പുതിയ അതിഥിയായ പരുന്തിനാണ് അധികൃതർ റഷ്യൻ ഗോളി ഇഗോർ അക്കിൻഫീവിന്റെ പേര് നൽകിയത്.
ഒരു മാസം പ്രായമായ പരുന്തിന് പേരൊന്നും നൽകിയിട്ടുണ്ടായിരുന്നില്ല. എന്നാൽ സ്പെയ്നെതിരായ വിജയത്തിൽ നിർണായക സേവ് നടത്തി അക്കിൻഫീവ് താരമായതോടെ പേരിന്റെ കാര്യത്തിൽ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. എതിരാളിയുടെ ഓരോ നീക്കവും സസൂഷ്മം നിരീക്ഷിച്ച് ഗോൾവല കാക്കുന്ന തങ്ങളുടെ വീരനായകന് ഇതിലും വലിയ എന്ത് സമ്മാനം നൽകുമെന്നാണ് ഇവരുടെ ചോദ്യം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അക്കിൻഫീവിനെ കാണാൻ മൃഗശാലയിലേക്ക് ജനം ഒഴുകുകയാണ്. ഇതൊന്നുമറിയാതെ അമ്മയുടെ ചിറകിനടിയിൽ കളിച്ചു രസിക്കുകയാണ് കുഞ്ഞ് അക്കിൻഫീവ്.
