ദുരഭിമാനത്തിന്റെ പേരില്‍ ജയ്പൂരില്‍ മലയാളിയായ സിവില്‍ എഞ്ചിനീയറെ വെടിവെച്ച് കൊന്ന കേസില്‍, ഭാര്യയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വാടകക്കൊലയാളികള്‍ ഒളിവിലാണ്. മരുമകനെ കൊല്ലാന്‍ ആറ് മാസം മുമ്പും ഇവര്‍ വാടകക്കൊകൊലയാളിയെ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 17നാണ് പത്തനംതിട്ട സ്വദേശിയായ അമിത് നായരെ ജയ്പൂരിലെ വീട്ടില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്. ജയ്പൂര്‍ സ്വദേശിനിയായ മമത ചൗധരിയുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ക്കൊപ്പമെത്തിയ വാടകക്കൊലയാളികള്‍ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഭാര്യ പിതാവ് ജീവ്ന റാം , ഭാര്യ മാതാവ് ഭഗ്‍വാനി ദേവി എന്നിവരെ ഹരിയാനയില്‍ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. ഇവര്‍ക്ക് വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തികൊടുത്ത ആളേയും പിടികൂടിയിട്ടുണ്ട്. മരുമകനെ കൊന്നതില്‍ തനിക്ക് ദുഖവുമില്ലെന്നും സമൂഹത്തിന് മുന്നില്‍ കുടുംബത്തിന്റെ സല്‍പ്പേര് കെടുത്തിയ അമിത് നായര്‍ ഇത് അര്‍ഹിക്കുന്നുവെന്നുമായിരുന്നു കമീഷണര്‍ ഓഫീസില്‍ വെച്ച് ഭാര്യാ പിതാവിന്റെ പ്രതികരണം.
അമിതിനെ വെടിവെച്ച രണ്ട് വാടകക്കൊല്ലയാളികളെ ഇതുവരെ പിടികൂടിയിട്ടില്ല. ആറ് മാസം മുമ്പ് മൂന്ന് ലക്ഷം രൂപ നല്‍കി, അമിതിനെ കൊല്ലാന്‍ ഇവര്‍ വാടക്കക്കൊലയാളിയെ ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ അന്ന് ആ ശ്രമം പരാജയപ്പെട്ട. പിന്നീട് രണ്ട് വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തി. തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ കാണാനെന്ന പേരില്‍ 17ന് രാവിലെ മാതാപിതാക്കള്‍ വീട്ടിലെത്തി. ഈ സമയം ഉറങ്ങുകയായിരുന്ന അമിത് സ്വീകരണമുറിയില്‍ എത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന വാടകക്കൊലയാളികള്‍ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടത്തിയിരുന്നു.
