ഗാസിയാബാദ്: പത്തുനില കെട്ടിടത്തില്‍ നിന്ന് താഴെ വീണ് നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. നാലുവയസുകാരിയായ മിറയാണ് കൊല്ലപ്പെട്ടത്. ഉച്ചയുറക്കത്തില്‍ നിന്നെഴുന്നേറ്റ നാലുവയസുകാരി ബാല്‍ക്കണിയിലെത്തിയത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെടാതെ പോവുകയായിരുന്നു. ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.
കുട്ടിയുടെ മാതാവ് ബ്യൂട്ടിപാര്‍ലറില്‍ പോയ സമയത്തായിരുന്നു അപകടം. മൂത്ത കുട്ടിയോട് ഇളയ കുട്ടിയെ ശ്രദ്ധിക്കാന്‍ നിര്‍ദേശിച്ചായിരുന്നു മാതാവ് ബ്യൂട്ടി പാര്‍ലറില്‍ പോയത്. എന്നാല്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് പറഞ്ഞ് പോയ അമ്മ ട്യൂഷന് സമയമായിട്ടും മടങ്ങി വരാതായതോടെ മൂത്ത മകള്‍ കുട്ടി കിടന്നിരുന്ന വാതില്‍ പുറത്ത് നിന്ന് പൂട്ടിയിട്ട് ക്ലാസിലേയ്ക്ക് പോവുകയായിരുന്നു. ഈ സമയത്ത് ഉണര്‍ന്ന മിറ ബാല്‍ക്കണിയിലെത്തുകയായിരുന്നെന്നാണ് കരുതുന്നത്.
എന്തോ നിലത്ത് വീഴുന്നത് കണ്ട് വാച്ച്മാന്‍ ഓടിയെത്തുകയായിരുന്നു. എന്നാല്‍ അടുത്തെത്തിയതോടെയാണ് വീണത് കുട്ടിയാണെന്ന് തിരിച്ചറിയുന്നത്.
ഇവര്‍ കുട്ടിയെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വഴിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുഴുവന്‍ രക്തമായിരുന്നതിനാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ മാതാപിതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
