ലക്ഷ്മിയെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോട് സംസാരിച്ചതിന് ശേഷമാണ് സ്റ്റീഫന്‍ ദേവസ്യ ലക്ഷ്മിയുടെ ആരോഗ്യ നിലയെക്കുറിച്ച് ലൈവില്‍ വന്ന് സംസാരിച്ചത്.
തിരുവനന്തപുരം: കാറപകടത്തില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറുടെ ഭാര്യ ലക്ഷ്മി വെന്‍റിലേറ്ററിന്‍റെ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായി സ്റ്റീഫന്‍ ദേവസ്യ. ബാലഭാസ്കറിനെയും മകള്‍ തേജസ്വിനിയെയുംക്കുറിച്ച് അമ്മ ലക്ഷ്മിയോട് സമാധാനത്തോടെ സംസാരിച്ചു. ലക്ഷമി കനത്ത വേദനയിലൂടെ കടന്നുപോവുന്നുണ്ടാകും. എന്നാല്‍ അവരുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. ലക്ഷ്മിക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും സ്റ്റീഫന്‍ ദേവസ്യ ഫേസ്ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടു. ലക്ഷ്മിയെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോട് സംസാരിച്ചതിന് ശേഷമാണ് സ്റ്റീഫന്‍ ദേവസ്യ ലക്ഷ്മിയുടെ ആരോഗ്യ നിലയെക്കുറിച്ച് ലൈവില്‍ വന്ന് സംസാരിച്ചത്.
കുടുംബവുമായി ക്ഷേത്ര ദർശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ 25നായിരുന്നു ബാലഭാസ്കറും കുടുംബവും അപകടത്തിൽ പെട്ടത്. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു. അപകടനില തരണം ചെയ്ത് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതം മൂലം ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്കര്‍ മരിച്ചത്. ആയിരങ്ങളെ സാക്ഷിയാക്കി മൂന്നാംതിയതി ബാലഭാസ്കറിന്‍റെ സംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. യൂണിവേഴ്സിറ്റി കോളേജിലും കലാഭവനിലുമായി പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് ബാലുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
