ഇന്ത്യന്‍ പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കിയ ഭാരതരത്‌ന എം എസ് സുബ്ബുലക്ഷ്മിയുടെ സംഗീതം എത്ര കേട്ടാലും മതിവരാത്തവരാണ് നമ്മള്‍. അവരുടെ കഴിവിന്‍റെ അല്പമെങ്കിലും ഒന്നു കിട്ടിയിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോയിട്ടുമുണ്ടാവാം. എന്നാല്‍ അന്ന് എം എസ് സുബ്ബുലക്ഷ്മിയുടെ ശബ്ദമാധുരിയില്‍ മുഴങ്ങിക്കേട്ട ലോകസമാധാനത്തിനായുള്ള ആ പ്രാര്‍ത്ഥനാ ഗാനം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കാതുകളില്‍ നേരിട്ട് ഒന്നു കൂടി മുഴങ്ങി. എം എസ് സുബ്ബുലക്ഷ്മിയുടെ കൊച്ചുമക്കളായ എസ് ഐശ്വര്യയും എസ് സൗന്ദര്യയുമാണ് പ്രാര്‍ത്ഥനാഗാനം മോദിക്ക് മുന്നില്‍ ആലപിച്ചത്.
മുത്തശ്ശി 1966 ല്‍ ഐക്യരാഷ്ട്ര സഭയില്‍ ആലപിച്ച ലോകസമാധാനത്തിനായുള്ള 'മൈത്രീം ഭജതാ' എന്ന പ്രാര്‍ത്ഥനാ ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിച്ചത്. ആ ഗാനാമൃതത്തില്‍ ഒരു നിമിഷം എം എസ് സുബ്ബുലക്ഷ്മിയെ സ്മരിച്ചുകൊണ്ട് മോദി ലയിച്ചു നിന്നു. ചൊവ്വാഴ്ച മാതാപിതാക്കളായ വി ശ്രീനിവാസനും ഗീത ശ്രീനിവാസനുമൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് മുത്തശ്ശിയുടെ സംഗീതം വീണ്ടും മുഴങ്ങിയത്.
തന്‍റെ വശ്യസുന്ദരമായ ശബ്ദമാധുരിയില്‍ വിശ്വശാന്തിക്കും സാഹോദര്യത്തിനും ലോകസമാധാനത്തിനുമായി കലാതീതമായി നിലകൊള്ളുന്ന പ്രാര്‍ത്ഥാഗാനം ലോകമെമ്പാടുമുള്ളവരെ എം എസ് സുബ്ബുലക്ഷ്മി പുളകം കൊള്ളിച്ചതാണ്. ഈ ഗാനം കാഞ്ചിയിലെ ചന്ദ്രശേഖര സരസ്വതി സംസ്‌കൃതത്തില്‍ രചിക്കപ്പെട്ടതാണ്. യു.എന്നില്‍ നടത്തിയ കച്ചേരിക്കുശേഷം മിക്ക കച്ചേരികളിലും എം.എസ്.സുബ്ബുലക്ഷ്മി ആലപിച്ചിരുന്നു. മാനവസമൂഹത്തിനാകെ ദൈവാനുഗ്രഹവും സന്തോഷവും വര്‍ധിക്കട്ടെ എന്നര്‍ഥം വരുന്ന 'ശ്രേയോ ഭൂയാത് സകല ജനാനാം' എന്ന വരിയോടെയാണ് കൃതി അവസാനിക്കുന്നത്.

