മുഹമ്മദലിയുടെ ജീവിതം നാടകമാകുന്നു
കൊച്ചി: ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ ജീവിതം നാടകമാകുന്നു. കൊച്ചിയിലെ സിഎഫ്സിഎ എന്ന കലാസാംസ്കാരിക കൂട്ടായ്മയാണ് വർണ വിവേചനത്തിനെതിരെ ജീവിതസമരം നടത്തിയ അലിയെ അരങ്ങിലെത്തിക്കുന്നത്. ബോക്സിംഗ് റിങ്ങിന് സമാനമായ വേദിയിലാണ് നാടകവതരണം. ജീവിതം തന്നെ ബോക്സിംഗ് റിംഗാക്കി മാറ്റിയ കായികതാരം, ആഫ്രോ അ മേരിക്കനായി ജനിച്ച് അമേരിക്കയിൽ കഴിഞ്ഞ കറുത്തവർഗക്കാരന്‍റെ ജയപരാജയങ്ങളും, മാനസിക സംഘർഷങ്ങളും,പോരാട്ടവുമാണ് 'അലി ബിയോണ്ട് ദ റിംഗ്' എന്ന നാടകം
രാജ്യത്തിനായി നേടിയ മെഡലുകൾ സമൂഹത്തിൽ സ്ഥാനമാനങ്ങളും തരുമെന്ന് കാഷ്യസ് ക്ലെ കരുതി. പക്ഷേ വെള്ളക്കാരന്‍റെ വിവേചനത്തിന് അറുതി വന്നില്ല. അങ്ങനെ കാഷ്യസ് ക്ലെ മുഹമ്മദ് അലിയായി. ഇടിക്കൂട്ടിലെ രാജാവ് അലിയെ ഒടുവിൽ കീഴടക്കാൻ പാർക്കിൻസൺസ് രോഗവും. സൂഫിസത്തിന്‍റെ പാതയിലായിരുന്നു അവസാനകാലത്ത് അലി. അലിയുടെ ബാല്യം മുതൽ ചരിത്ര പ്രസിദ്ധമായ അറ്റ്ലാന്‍റ ഒളിംപിക്സ് വരെയുള്ള സംഭവബഹുലമായ ജീവിതം അരങ്ങിലെത്തിക്കുന്നത് സംവിധായകൻ പി പി ജോയ് ആണ്. മാധ്യമപ്രവർത്തകൻ മഥൻ ബാബുവാണ് നാടകത രചന.
അലിയുടെ ജീവിതവുമായി ബന്ധപ്പെട്ട 18ല്‍ അധികം കഥാപാത്രങ്ങൾ അരങ്ങിലെത്തുന്നു. നാടകത്തിനായി ആറ് കലാകാരന്മാർ എട്ട് മാസമായി ബോക്സിംഗ് പരിശീലനത്തിലാണ്. മലപ്പുറം സ്വദേശി ഷെറിലാണ് മുഹമ്മദ് അലിയായി എത്തുന്നത്. ബിജിപാലാണ് നാടകത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഇടപ്പള്ളി കേരള ഹിസ്റ്ററി മ്യൂസിയത്തിലെ ആംഫി തീയറ്ററിൽ ഈ മാസം 27 മുതൽ 29 വരെ നാടകം കാണികൾക്ക് മുന്നിലെത്തും.
