മുഹമ്മദ്‌ ബിന്‍ സല്‍മാനും ട്രംപും കൂടിക്കാഴ്ച നടത്തി

സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാനും അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയായിരുന്നു കൂടിക്കാഴ്ച.

സൗദിയും അമേരിക്കയുമായുള്ള സൗഹൃദം എക്കാലത്തെയും മികച്ച നിലയിലാണെന്നു അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രമ്പ്‌ പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരനുമായി വൈറ്റ് ഹൌസില്‍ വെച്ചു നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രമ്പ്‌ സൗദിയുമായുള്ള ദൃഡമായ ബന്ധത്തെ പരാമര്‍ശിച്ചത്. ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ സൗദിയുടെ പങ്ക് ട്രമ്പ്‌ എടുത്തു പറഞ്ഞു.

അമേരിക്കയുമായുള്ള സാമ്പത്തിക സഹകരണ കരാറുകളില്‍ പകുതിയിലധികവും നടപ്പിലാക്കിയതായി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു. വാണിജ്യ വ്യാപാര മേഖലയിലും പ്രധിരോധ രംഗത്തും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണെന്നും കിരീടാവകാശി പറഞ്ഞു.

 അറബ് മേഖലയിലെ പ്രശ്നങ്ങള്‍, സൗദി യു.എസ് നിക്ഷേപ സാധ്യതകള്‍, പ്രധിരോധ മേഖലയിലെ സഹകരണം തുടങ്ങി നിരവധി വിഷയങ്ങള്‍ യു.എസ് സന്ദര്‍ശനത്തിനിടയില്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യും.