മുഹമ്മദ് ഷമിക്ക് കാറപകടത്തില്‍ പരിക്ക് ഡെറാഡൂണില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം 

ഡെറാഡൂണ്‍: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് കാറപകടത്തില്‍ പരിക്ക്. ഡെറാഡൂണില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷമി സഞ്ചരിച്ചിരുന്ന കാര്‍ അപടകത്തില്‍പ്പെട്ടത്. അപകടത്തില്‍ താരത്തിന്റെ തലയ്ക്ക് പരിക്കേറ്റെന്നും തുന്നലുകളുണ്ടെന്നുമാണ് എഎന്‍ഐ റിപ്പോര്‍ട്ട്. അപകടത്തിന് ശേഷം 28കാരനായ താരം ഡെറാഡൂണില്‍ തന്നെ വിശ്രമിക്കുകയാണ്. 

നേരത്തെ ഷമിക്കെതിരെ ഭാര്യ ഉയര്‍ത്തിയ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് താരത്തെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സെല്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ആരോപണങ്ങളില്‍ സത്യമില്ലെന്ന് കണ്ട് ഷമിയുമായുള്ള കരാര്‍ ബി.സി.സി.ഐ പുതുക്കിയിരുന്നു.

ഒത്തുകളിക്കാനായി ഷമി പാകിസ്ഥാനി യുവതിയില്‍ നിന്ന് പണം പറ്റിയെന്നായിരുന്നു ഹസിന്‍ ജഹാന്‍റെ ആരോപണം. ഇംഗ്ലണ്ടിലെ വ്യവസായിക്ക് വേണ്ടിയാണ് പാകിസ്ഥാനി യുവതി ഇടനിലക്കാരി ആയതെന്നുമായിരുന്നു ഭാര്യയുടെ ആരോപണം. ഇതോടൊപ്പം ഗാര്‍ഹിക പീഡനത്തിനും ഷമിക്കെതിരെ ഭാര്യ കേസ് നല്‍കിയിട്ടുണ്ട്.