അഖിലേഷ് യാദവിനെതിരെയുള്ള അതൃപ്തി തുറന്നു പറഞ്ഞ് മുലായംസിംഗ് യാദവ്. പാര്‍ട്ടിയില്‍ രണ്ടാമന്‍ അഖിലേഷ് യാദവല്ല. പ്രധാനമന്ത്രിയാകാനുള്ള തന്റെ അവസരം അഖിലേഷ് യാദവ് നഷ്‌ടമാക്കിയെന്നും മുലായംസിംഗ് യാദവ് ആരോപിച്ചു. പാര്‍ട്ടിയിലെ ഉള്‍പ്പോരിന് താല്‍ക്കാലിക വിരാമമായതിന് തൊട്ടുപിന്നാലെയാണ് മകനെതിരെ ആരോപണവുമായി മുലായംസിംഗ് രംഗത്ത് വന്നിരിക്കുന്നത്.

സമാജ് വാദിപാര്‍ട്ടിയിലെ ദിവസങ്ങള്‍ നീണ്ടുനിന്ന ഭിന്നതകള്‍ കഴിഞ്ഞ ദിവസം താല്‍ക്കാലികമായെങ്കിലും പരിഹരിക്കപ്പെട്ടത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം മകന്‍ അഖിലേഷ് യാദവിനെതിരെ രൂക്ഷവമിര്‍ശനവുമായി മുലായംസിംഗ് യാദവ് തന്നെ രംഗത്ത് വന്നു. പാര്‍ട്ടിയിലെ രണ്ടാമന്‍ രാം ഗോപാല്‍ യാദവാണെന്ന് മുലായം ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2014 ലോക്‌സഭാ തെര‍ഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രിയാകാന്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന അവസരം നഷ്‌ടമാക്കിയത് അഖിലേഷ് യാദവാണെന്ന് മുലായം കുറ്റപ്പെടുത്തി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞശേഷം അഖിലേഷിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിയാല്‍ മതിയെന്നായിരുന്നു ശിവ്പാല്‍ യാദവിന്റെ അഭിപ്രായം. അന്നത് കേട്ടിരുന്നെങ്കില്‍ സാമാജ്‍വാദി പാര്‍ട്ടിക്ക് 30-35 സീറ്റുകള്‍ വരെ കിട്ടിയേനെ, ഒരുപക്ഷേ പ്രധാനമനത്രി പദവും കിട്ടുമായിരുന്നെന്നും മുലായം പറഞ്ഞു. തന്റെ മകനായതുകൊണ്ടു മാത്രമാണ് അഖിലേഷിനെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മുഖ്യമന്ത്രിയായി അംഗീകരിച്ചതെന്നും. പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ അഖിലേഷിന് ഒരു പങ്കുമില്ലെന്നും മുലായം പറഞ്ഞു. അമര്‍സിംഗിനെതിരെ നടപടിയെടുക്കുന്ന കാര്യവും മുലായം തള്ളിക്കളഞ്ഞു. തന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ ഒപ്പം നിന്നിട്ടുള്ള ആളാണ് അമര്‍സിംഗെന്നും മുലായം പറഞ്ഞു. അഖിലേഷിനെ തഴഞ്ഞ് ശിവ്പാലിനെ ഒപ്പം നിര്‍ത്താനാണ് മുലായം ശ്രമിക്കുന്നതെന്നതിന്റ വ്യക്തമായ സൂചനയാണിത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അഖിലേഷ് തന്നെയാവുമോ എന്ന സംശയവും ഉയരുകയാണ്.