മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതി രൂപീകരിച്ച ഉപസമിതി അംഗങ്ങള്‍ അണക്കെട്ടില്‍ പരിശോധന നടത്തുന്നു. കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഒരു ദിവസം കൊണ്ട് ആറടിയിലധികം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിലും ഇന്നലെ വന്‍ വര്‍ദ്ധനവ് ഉണ്ടായിരുന്നു. കേരളത്തിന്റെ ആവശ്യ പ്രകാരമാണ് ഉപസമിതി പരിശോധന നടത്തുന്നത്. സമിതി അധ്യക്ഷന്‍ കേന്ദ്ര ജലകമ്മീഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.രാജേഷ്, കേരളത്തിന്റെ പ്രതിനിധികളായ ജോര്‍ജ് ദാനിയേല്‍, എന്‍.എസ്. പ്രസീദ്, തമിഴ്‌നാട് പ്രതിനിധികളായ, സാം ഇര്‍വിന്‍ എന്നിവരാണ് പരിശോധന നടത്തുന്നത്. തമിഴ്‌നാടിന്റെ രണ്ടു പ്രതിനിധികളില്‍ ഒരാള്‍ മാത്രമാണ് പരിശോധനക്ക് എത്തിയിട്ടുള്ളത്. അണക്കെട്ട് പരിശോധനക്ക് ശേഷം സംഘം കുമളിയില്‍ യോഗം ചേരും.