ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. 

മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയിൽ നിന്ന് ദില്ലി വഴി ലക്നൗവിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്കുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

വിമാനം സുരക്ഷിതമാണെന്ന് സുരക്ഷാ ഏജൻസികൾ പിന്നീട് അറിയിച്ചു. രാവിലെ ആറ് മണിക്കാണ് ഇൻഡിഗോ 6ഇ 3612 വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഭീഷണിയെ തുടര്‍ന്ന് നിലത്തിറക്കി പരിശോധന നടത്തിയ ശേഷം 8.40നാണ് യാത്ര പുനരാരംഭിച്ചത്. രണ്ടര മണിക്കൂര്‍ വൈകി 10.45ന് വിമാനം ദില്ലിയിലെത്തി. 

ഗോ എയര്‍ വിമാനത്തില്‍ ദില്ലിക്ക് പോകാനിരുന്ന സ്ത്രീയാണ് ഇൻഡിഗോ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ആദ്യം അറിയിച്ചത്. ചില ആളുകളുടെ ഫോട്ടോയും കാണിച്ചു. ഇവർ രാജ്യത്തിനു ഭീഷണിയാണെന്നും സ്ത്രീ ആരോപിച്ചു. കൂടുതല്‍ ചോദ്യം ചെയ്യാനായി ഇവരെ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.