ഇഷ്‌ടമില്ലാത്ത വിവാഹം നിര്‍ബന്ധിപ്പിച്ച് നടത്തിയതിന് വിവാഹത്തിന് നാലാം നാള്‍ ഭാര്യയെ കൊന്നയാള്‍ പിടിയില്‍. മുംബൈയിലാണ് സംഭവം നടന്നത്. ആസിഫ് സിദ്ദിഖി എന്നയാളാണ് വിവാഹം കഴിഞ്ഞ നാലാം ദിവസം ഭാര്യയെ കൊന്നതിന് പിടിയിലായത്. ഉത്തര്‍പ്രദേശ് സ്വദേശിനി സബ്രീനെ കൊലപ്പെടുത്തിയ കേസിലാണ് ആസിഫ് സിദ്ദിഖി പിടിയാലയത്. മുംബൈയില്‍ ഇലക്‌ട്രിക്കല്‍ ജോലിക്കാരനായിരുന്ന ആസിഫ് സിദ്ദിഖിയുടെ വിവാഹം ഏപ്രില്‍ ആറിന് സ്വദേശമായ ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍വെച്ചായിരുന്നു. വിവാഹം കഴിഞ്ഞു രണ്ടുദിവസത്തിനുശേഷം ആസിഫും സബ്രീനും മുംബൈയിലേക്ക് വന്നു. ഏപ്രില്‍ പത്തിനാണ് സബ്രീനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുശേഷം ആസിഫ് ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍നിന്നാണ് ആസിഫിനെ പൊലീസ് പിടികൂടിയത്. ഈ വിവാഹത്തിന് തനിക്ക് ഇഷ്‌ടമില്ലായിരുന്നു. എന്നാല്‍ വീട്ടുകാരുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കുകയുമായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ഭാര്യയെ കുത്തി കൊലപ്പെടുത്തിയതെന്നും ആസിഫ് പൊലീസിന് പറഞ്ഞു. മുംബൈയിലെ മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ ആസിഫിനെ റിമാന്‍ഡ് ചെയ്‌തു.