മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ദീപകിന്‍റെ മൊഴി പുറത്ത് . യാത്രക്കായി ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം നല്‍കിയെന്ന് ദീപക് മൊഴി നല്‍കി.

ദില്ലി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ദീപകിന്‍റെ മൊഴി പുറത്ത്. യാത്രക്കായി ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം നല്‍കിയെന്ന് ദീപക് മൊഴി നല്‍കി. ഇരുന്നൂറോളം പേരാണ് ഓസ്ട്രേലിയയിലേക്ക് യാത്രതിരിച്ചത്. ദീപകിന്‍റെ ഭാര്യയും കുഞ്ഞും യാത്രാസംഘത്തിലുണ്ട്. ദീപക്, പ്രഭു എന്നിവര്‍ ദില്ലി പൊലീസിന്‍റെ കസ്റ്റഡിയിലാണ് ഇപ്പോള്‍. ഇരുവരെയും ഇന്ന് കൊച്ചിയില്‍ എത്തിക്കും. 

മുനമ്പം മനുഷ്യക്കടത്ത് കേസിൽ ബോട്ടുടമ അനിൽകുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓസ്ട്രേലിയയിലേക്ക് കടന്ന സംഘത്തിന് ബോട്ട് വാങ്ങി നൽകാൻ കൂട്ടുനിന്നത് അനിൽകുമാർ ആണെന്ന് പൊലീസ് കണ്ടെത്തി. മനുഷ്യക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം തമിഴ്നാട് സ്വദേശികൾ ആണെന്നാണ് പോലീസ് കണ്ടെത്തൽ. എന്നാൽ, ബോട്ടിനുള്ള പണം നൽകിയത് മനുഷ്യക്കടത്തിന് പിന്നിൽ പ്രവർത്തിച്ച തമിഴ്നാട് സ്വദേശികളായ ശ്രീകാന്തനും സെൽവനുമാണ്. തനിക്കു മാസം ഒരു തുക കമ്മീഷൻ ലഭിക്കും എന്ന് പറഞ്ഞാണ് ബോട്ട് തന്‍റെ പേരിൽ രജിസ്റ്റർ ചെയ്തതെന്ന് അനിൽകുമാർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇവരെ കണ്ടെത്താൻ പൊലീസ് ശ്രമം ഊർജിതമാക്കി. 

ദയാമാതാ എന്ന ബോട്ട് വാങ്ങുന്നതിന് ഇടനിലക്കാരായി നിന്ന് നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. 2 ലക്ഷം രൂപ ബോട്ട് വാങ്ങാൻ സഹായിച്ചതിന് കമ്മീഷനായി ലഭിച്ചെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.ബോട്ടിനായി ഇന്ധനം നൽകിയ മുനമ്പത്തെ പെട്രോൾ പമ്പ് ഉടമയെയും പൊലീസ് ചോദ്യം ചെയ്തു. ഇത്രയും ഇന്ധനം ഒരുമിച്ചു ബോട്ടിനു നൽകിയ വിവരം പൊലീസിനെ ഇയാൾ പൊലീസിനെ അറിയിച്ചിരുന്നില്ല. 

ചെറായിയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.