ഇടുക്കി: മദ്യപിക്കുന്നതിനുള്ള വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അമ്മാവന്‍ മരുമകനെ കൊലപ്പെടുത്തി.അടിമാലി ചാറ്റുപാറ സെറ്റില്‍മെന്റ്‌ കോളനി നിവാസിയായ ശശി രാമനാണ്‌ കൊല്ലപ്പെട്ടത്‌.സംഭവത്തില്‍ ശശിയുടെ മാതൃസഹോദരനായ രാജന്‍ പിടിയിലായി. കഴിഞ്ഞ ദിവസം രാവിലെയാണ് മന്നാന്‍ സമുദായക്കാര്‍ താമസിക്കുന്ന ചാറ്റുപാറ സെറ്റില്‍മെന്റ്‌ കോളനിക്ക്‌ സമീപമുള്ള കലിങ്കടിനടിയില്‍ നിന്നും 29 കാരനായ ശശിരാമന്റെ മൃതദേഹം കണ്ടെടുത്തത്‌.

രാത്രിയില്‍ കലുങ്കിലിരുന്ന്‌ മദ്യപിച്ച ശശി കാല്‍വഴുതി കലുങ്കിന്‌ താഴേക്ക്‌ പതിച്ച്‌ മരണം സംഭവിച്ചതാവാം എന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാല്‍ ശശിയുടെ കഴുത്തില്‍ കണ്ടെത്തിയ കരിവാളിച്ച പാടുകള്‍ ബന്ധുക്കള്‍ക്കിടയില്‍ സംശയം ഉണ്ടാക്കി.തുടര്‍ന്ന്‌ പോലീസില്‍ അറിയിക്കുകയും മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനയക്കുകയും ചെയ്‌തു.കഴുത്തില്‍ കുരുക്ക്‌ മുറുകി ശ്വാസം കിട്ടാതെയാണ്‌ ശശി മരിച്ചതെന്ന പോസ്‌റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ ശശിയുടെ മരണം കൊലപാതകമാണെന്ന്‌ പോലീസ്‌ ഉറപ്പിച്ചു.

രാത്രിയില്‍ കലുങ്കിന്‌ സമീപത്തെ ബസ്‌ സ്റ്റോപ്പിലിരുന്ന്‌ ശശിയും ശശിയുടെ മാതൃസഹോദരനായ രാജനും മദ്യപിച്ചതായി കണ്ട ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ കൊലപാതകം നടത്തിയത്‌ രാജനാണെന്ന്‌ കണ്ടെത്തിയത്‌.മദ്യം വാങ്ങിയ പണത്തിന്റെ വിഹിതത്തെ സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ കൈയ്യിലുണ്ടായിരുന്ന തോര്‍ത്തുപയോഗിച്ച്‌ രാജന്‍ ശശിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയും മരിച്ചശേഷം രാജന്‍ വെയിറ്റിംഗ്‌ ഷെഡില്‍ നിന്നും മൃതദേഹം എടുത്ത്‌ കലുങ്കില്‍ നിന്ന്‌ താഴേക്കിടുകയുമാണുണ്ടായത്.വ്യാഴാഴിച്ച രാവിലെ മൃതദേഹം കണ്ടെടുത്ത ശേഷം രാജന്‍ യാതൊന്നും സംഭവിക്കാത്തതു പോലെയായിരുന്നു പോലീസിനോടും ബന്ധുക്കളോടും ഇടപഴകിയിരുന്നത്‌. രാജനെ പോലീസ്‌ കോളനിയിലെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി.