കോഴിക്കോട് ബാലുശ്ശേരി ഗോപാലന്‍ വധക്കേസില്‍ പ്രതി മഹാരാഷ്‌ട്രസ്വദേശി നവീന്‍ ബൈദ്യനാഥ് യാദവിന് ജീവപര്യന്തം തടവ്. ഇതിന് പുറമെ ഭവനഭേതനക്കുറ്റത്തിന് 10 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും അടക്കണമെന്നാണ് ഉത്തരവ്.

2013 മാര്‍ച്ച് നാലാം തീയതിയാണ് ബാലുശ്ശേരി തലയാട് സ്വദേശി സുരേന്ദ്രന്‍റെ അച്ഛന്‍ ഗോപാലനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോപാലന്‍റെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്‍റെ ആദ്യനിഗമനം. നാല് മാസങ്ങള്‍ക്ക് ശേഷം ജൂലൈ മൂന്നിന് സുരേന്ദ്രന്‍റെ ഭാര്യ ലീലയും കൊല്ലപ്പെട്ടു. കേസ് അന്വേഷിച്ച പൊലീസ് പ്രതി, സുരേന്ദ്രന്‍റെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന നവീന്‍ ബൈദ്യനാഥ് യാദവാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഗോപാലനെ കൊന്നതും താന്‍ തന്നെയാണെന്ന് നവീന്‍ പൊലീസിനോട് സമ്മതിച്ചു. ലീലയാണ് ഗോപാലനെ കൊല്ലാന്‍ പ്രേരിപ്പിച്ചതെന്നും മൂന്നു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും നവീന്‍ പറഞ്ഞു.വാഗ്ദാനം ചെയ്ത പണം കിട്ടാത്തതിലുള്ള പകയെ തുടര്‍ന്നാണ് ലീലയെ കൊന്നത്.. ലീലയെ കൊന്ന് കൈപ്പത്തിവെട്ടിമാറ്റി വളകളും സ്വര്‍ണക്കമ്മലും മാലയും നവീന്‍ മോഷ്‌ടിച്ചിരുന്നു. 85 കാരനായ ഗോപാലനെ ശരീരം മുഴുവന്‍ ബ്ലേഡ് കൊണ്ട് കീറിമുറിച്ച് അതിക്രൂരമായാണ് നവീന്‍ കൊലപ്പെടുത്തിയത്. നവീന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിയുടെ പ്രായക്കുറവ് കണക്കിലെടുത്ത് ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു. 30 വയസാണ് പ്രതിയുടെ പ്രായം.

വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം

നിലവില്‍ ലീലക്കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് നവീന്‍. ഇതിന് പുറമെയാണ് മറ്റൊരു ജീവപര്യന്തവും പത്ത് വര്‍ഷം കഠിനതടവും ഇപ്പോള്‍ വിധിച്ചിരിക്കുന്നത്. നഷ്‌ടപരിഹാരമായ ഒന്നേകാല്‍ ലക്ഷം രൂപ ഗോപാലന്‍റെ കുടുംബത്തിന് നല്‍കാനുമാണ് കോടതി വിധി.