ഇൻഷൂറൻസ് തുക തട്ടാൻ ഗുജറാത്തി ദമ്പതികൾ ദത്ത് പുത്രനെ കൊലപ്പെടുത്തി. കൊലപാതകം നടപ്പാക്കിയ ഗുണ്ടകളും ബന്ധുവും പൊലീസ് പിടിലായതോടെയാണ് കൊലപാതകത്തിന്‍റെ ഗൂഢാലോചന പുറത്ത് വന്നത്. ലണ്ടനിൽ സ്ഥിര താമസക്കാരായ ദമ്പതികൾ രണ്ട് വർഷം മുമ്പാണ് കൊലപാതക ഉദ്ദേശ്യത്തോടെ കുട്ടിയെ ദത്തെടുത്തത്. ഭീമമായ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനാണ് ദത്തെടുത്ത 13 കാരനെ പ്രവാസി ദമ്പതികള്‍ വാടക ഗുണ്ടകളെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. സിനിമാ കഥകളെ വെല്ലുന്ന രീതിയല്‍ രണ്ടു വര്‍ഷം നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു കൊലപാതകം.

സംഭവത്തെ കുറിച്ച് അഹമ്മദാബാദ് പൊലീസ് പറയുന്നതിങ്ങനെ. വര്‍ഷങ്ങളായി ലണ്ടനില്‍ താമസമാക്കുന്ന ആരതി ലോക്നാഥും കന്‍വാള്‍സിംഗും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അലട്ടിയപ്പോഴാണ് പണം സമ്പാദിക്കാന്‍ ക്രൂരമായ വഴികള്‍ ആലോചിക്കുന്നത്. ഒരു കുട്ടിയെ ദത്തെടുക്കുകയും കോടികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്ത ശേഷം കൊലപ്പെടുത്തി തുക തട്ടിയെടുക്കാനും അവര്‍ തീരുമാനിച്ചു.

2015 ല്‍ ഗുജറാത്തില്‍ തിരിച്ചെത്തിയ ദമ്പതികള്‍ ബന്ധുവായ നിതീഷിന്‍റെ സഹായത്തോടെ ഗോപാല്‍ എന്ന കുട്ടിയെ ദത്തെടുക്കുകയായിരുന്നു. മൂന്ന് മാസം കഴിഞ്ഞ് കുട്ടിയെ നിതീഷിനൊപ്പം നിര്‍ത്തി ദമ്പതികള്‍ ലണ്ടനിലേക്ക് തിരിച്ചുപോയി. ഇവരുടെ നിര്‍ദേശ പ്രകാരം പിന്നീട് നിധീഷാണ് വാടക ഗുണ്ടകളെ ഉപയോഗിച്ച് കൊലപാതകം ആസൂത്രണം ചെയ്യുന്നത്. ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞ് കുട്ടിയെ നിതീഷ് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വഴിയില്‍ വെച്ച് നിതീഷ് ഏര്‍പ്പാടാക്കിയ വാടക ഗുണ്ടകള്‍ കുട്ടിയെ ക്രൂരമായി വെട്ടിനുറുക്കി. സംശയം തോന്നാതിരിക്കാന്‍ നിതീഷ് പൊലീസിലും പരാതി നല്‍കി. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ വാടക ഗുണ്ടകള്‍ പിടിയിലായി. ഇതോടെയാണ് ഞെട്ടിക്കുന്ന വസ്തുതകള്‍ പുറംലോകം അറിഞ്ഞത്. നിതീഷ് ഇതിനോടകം ആഹമ്മദാബാദ് പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ലണ്ടനിലുള്ള കന്‍വാള്‍ - ആരതി ദമ്പതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് പൊലീസ് ഇപ്പോള്‍.