50 വര്‍ഷം മുമ്പ് കല്‍മഴു ആയിരുന്നു കണ്ണൂരിലെ കൊലയാളികളുപയോഗിച്ചിരുന്നതെങ്കില്‍ സര്‍ജ്ജിക്കല്‍ ബ്ലേഡാണ് കണ്ണൂരിലെ കൊലയാളികളുടെ ഏറ്റവും പുതിയ ആയുധം. ഇര കൊല്ലപ്പെട്ടതിന്റെ ചീത്തപ്പേരൊഴിവാക്കാന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കാല്‍ മുട്ടിന് താഴെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്ന പുതിയ രീതിയും കണ്ണൂരില്‍ പരീക്ഷിക്കുന്നു.

ശുഹൈബിന്റെ ശരീരത്തിലേറ്റ 37 വെട്ടുകളിലേറെയും കാലുകള്‍ക്കായിരുന്നു. തടയാന്‍ ശ്രമിച്ചതിനാലാകാം കൈകള്‍ക്കും ചില വെട്ടുകളുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി സി.പി.എമ്മും ബി.ജെ.പിയും കണ്ണൂരില്‍ പരീക്ഷിക്കുന്ന പുതിയ മുറയാണിത്.ഇര മരിച്ചാല്‍ രാഷ്ട്രീയമായ തിരിച്ചടിയാകും. പരിക്കേറ്റാല്‍ കാര്യമായ പ്രാധാന്യം കിട്ടില്ലെന്ന കണക്കുകൂട്ടലാണിത്. പക്ഷെ ക്രൂരമായ ഈ ഔദാര്യം പല ഇരകളെയും ചോര വാര്‍ന്നുള്ള മരണത്തിലേക്കാണ് നയിക്കുന്നത്. ഷുഹൈബിന്റെ മരണം ഒരുദാഹരണം മാത്രം. 2016ല് മുന്പ് സിപിഎം പ്രവര്‍ത്തകനായ ഓണിയന് പ്രേമനെ ബിജെപിക്കാര്‍ കൊന്നത് കാലുകള്‍ക്ക് താഴെ വെട്ടി പരിക്കേല്‍പിച്ചായിരുന്നു. ഒരു കാരണവശാലും രക്ഷപ്പെടരുതെന്ന് നിശ്ചയിച്ചുറപ്പിച്ച് എത്തുമ്പോള്‍ പക്ഷെ ഒരു ദാക്ഷിണ്യവും കാണിക്കില്ല

ഏതാനും വര്‍ഷം മുന്പ് ഏഷ്യാനെറ്റ് ന്യൂസ് പകര്‍ത്തിയ ഒരു ദൃശ്യത്തില്‍ പാര്‍ട്ടി ഗ്രാമത്തില്‍ വെച്ച് സ്റ്റീല്‍ ബോംബുണ്ടാക്കുന്നതു കാണാം. ആണിയും.കുപ്പിച്ചില്ലും ബ്ലേഡുമൊക്കെ നിറച്ചുണ്ടാക്കുന്ന ഇത്തരം ബോംബുകളെ ഇപ്പോള്‍ അക്രമികള്‍ തന്നെ കൈയൊഴി‌ഞ്ഞതായി പോലിസ് പറയുന്നു. ഏറ്റവുമൊടുവിലായി ബോംബു നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിയില്‍ കോട്ടയംപൊയിലിലെ ദീക്ഷിത് മരിച്ചതോടെ പ്ലാസ്റ്റിക് ബോട്ടിലുകളും ഐസ്ക്രീം ബോളുകളുമാണിപ്പോള്‍ ബോംബുണ്ടാക്കാന്‍ കണ്ണൂരുകാര്‍ക്ക് പ്രിയം.

1969ല്‍ വാടിക്കല്‍ രാമകൃഷ്ടനെ കൊന്നത് കല്‍ മഴു കൊണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ വടിവാളുകളാണ് സിപിഎമ്മിന്റെയയും ബിജെപിയുടെും പ്രധാന ആയുധം. ഇപി ജയരാജന്‍ വധശ്രമത്തില്‍ റിവോള്‍വറുപയോഗിച്ചു എന്നത് മാത്രമായിരുന്നു ഒരു മാറ്റം സമീപകാലത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന അക്രമങ്ങളില്‍ സര്‍ജിക്കല്‍‍ ബ്ലേഡുകളുപയോഗിക്കുന്നത് മാരകമായി മുറിവേല‍്പ്പിക്കാന്‍ തന്നെ..ആയുധങ്ങളേ മാറുന്നുള്ളൂ.മനസ്സിനൊരു മാറ്റവുമില്ല.