കൊല്ലത്ത് ചികിത്സ കിട്ടാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന് അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കണമെന്ന് ബന്ധുക്കള്‍. ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിര കര്‍ശന നടപടി സ്വീകരിക്കണം. തിരുനെല്‍വേലിയില്‍ നിന്ന് ബന്ധുക്കളെത്തി മുരുകന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.

തിരുനെല്‍വേലി പെരുമാള്‍ കോവില്‍ സ്വദേശിയാണ് മുരുകന്‍. ഭാര്യയും രണ്ട് പിഞ്ച്കുട്ടികളുമുണ്ട്. കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് കുടുംബത്തെ കരകയറ്റാനാണ് മുരുകന്‍ തിരുനെല്‍വേലിയില്‍ നിന്ന് കേരളത്തില്‍ ജോലിക്കെത്തിയത്. അപകടത്തില്‍പ്പെട്ട ശേഷം ഏഴ് മണിക്കൂര്‍ ജീവന് വേണ്ടി യാചിച്ച് ഒടുവില്‍ മരണത്തിന് കീഴടങ്ങേണ്ടി വന്ന മുരുകന്‍റെ മൃതദേഹം രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ വാഗ്ദാനം ചെയ്ത സൗജന്യ ആംബുലന്‍സിലാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയത്. 20000 രൂപയും ഡിവൈഎഫ്ഐ കുടുംബത്തിന് നല്‍കി. ഇന്ന് തന്നെ മുരുകന്‍റെ മൃതദേഹം സ്വദേശമായി തിരുനെല്‍വേലിയില്‍ എത്തിക്കും. അതേസമയം മുരുകന് ആംബുലന്‍സ് നിഷേധിച്ചെന്ന വാര്‍ത്ത കൊല്ലം ജില്ലാ ആശുപത്രി നിഷേധിച്ചു.

ചികിത്സ ലഭ്യമാക്കാത്ത ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ഡോക്ടര്‍മാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും മൊഴിയും രേഖപ്പെടുത്തി.