സീറ്റ് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കെ പി എ മജീദ് 

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമത് ഒരു സീറ്റ് കൂടി ചോദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. മൂന്നാം സീറ്റ് എപ്പോള്‍ ചോദിക്കണമെന്ന് ലീഗിനറിയാം. സീറ്റ് സംബന്ധിച്ച തീരുമാനം യുഡിഎഫുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുമ്പ് എടുക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും കെ പി എ മജീദ് മാധ്യമങ്ങളോട് പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിച്ച് വാങ്ങണമെന്ന് ഇ കെ സുന്നി മുഖ പത്രമായ സുപ്രഭാതം ആവശ്യപ്പെട്ടിരുന്നു. ലീഗ് എല്ലാം സഹിച്ചുള്ള സമവായശൈലി അവസാനിപ്പിക്കണമെന്നും സുപ്രഭാതം മുഖപ്രസംഗം ആവശ്യപ്പെട്ടു. വെല്ലുവിളി ഏറ്റെടുക്കാൻ ലീഗ് തയ്യാറാവണമെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ലീഗ് സമവായശൈലി അവസാനിപ്പിക്കണം. എല്ലാം സഹിച്ച് സമവായം വേണ്ടെന്നും സുന്നി മുഖപത്രത്തിൽ പറഞ്ഞു. എന്നാല്‍ സമസ്തയുടെ അഭിപ്രായം അവരുടേത് മാത്രമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു.