സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു അമേരിക്കയില്‍ വിവാദം പുകയുന്നു

വാഷിംഗ്ടൺ: അമേരിക്കയിൽ മുസ്‌ലീം കുട്ടികൾ സ്വിമ്മിംഗ് പൂളിലിറങ്ങുന്നത് വിലക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതിനെതുടര്‍ന്ന് വിവാദം കത്തുകയാണ്. സംഭവം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചതോടെ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. മുസ്‌ലീം മനുഷ്യാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ- ഇസ്‌ലാമിക് റൈറ്റ്സ് ആണ് സംഭവത്തേക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചത്. 

ഡാൽവെയറിലാണ് അറബിക് ഭാഷാ ജ്ഞാന പരിപാടിക്കെത്തിയ വിദ്യാർഥികളെ സ്വിമ്മിംഗ് പൂളിലിറക്കാതെ അധികൃതര്‍ തടഞ്ഞത്. വസ്ത്രധാരണത്തിന്‍റെ പേരിലാണ് വിദ്യാർഥികളെ തടഞ്ഞതെന്നാണ് പരിപാടിയുടെ മുഖ്യസംഘാടക തസിയാൻ ഇസ്മയില്‍ ആരോപിച്ചത്. കഴിഞ്ഞ നാലുവർഷമായി തുടർച്ചയായി പരിപാടി സംഘടിപ്പാക്കാറുണ്ടെന്നും എല്ലാത്തവണയും വിദ്യാർഥികളെ ഫോസ്റ്റർ ബ്രൗൺ പബ്ലിക് പൂളിൽ കൊണ്ടുവരാറുണ്ടന്നും പറഞ്ഞ അവർ ഇതാദ്യമായാണ് വസ്ത്രധാരണത്തിന്‍റെ പേരിൽ കുട്ടികളെ തടയുന്നതെന്നും വ്യക്തമാക്കിയിരുന്നു

ലവരെ മൂടിയിരുന്ന കോട്ടൺ വസ്ത്രങ്ങളണ് വിദ്യാർഥികളിൽ ചിലർ ധരിച്ചിരുന്നത്. കോട്ടൺ വസ്ത്രങ്ങൾ ധരിച്ച് പൂളിൽ ഇറങ്ങാൻ ആരെയും അനുവദിക്കാറില്ലെന്നാണ് പൂൾ അധികൃതർ നൽകിയ നിർദേശമെന്ന് തസിയാന്‍ പറഞ്ഞു. എന്നാല്‍, സുരക്ഷാ കാരണങ്ങൾ മാത്രം മുൻനിർത്തിയാണ് കുട്ടികൾക്ക് ഇത്തരത്തിൽ നിർദേശം നൽകിയതെന്നും മറിച്ചുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നുമായിരുന്നു അധികൃതർ അറിയിച്ചത്. 

മതവിശ്വാസത്തിനു സ്വാതന്ത്ര്യമുള്ള അമേരിക്കയിൽ മതത്തിന്‍റെ പേരിൽ പൊതുഇടങ്ങളിൽ നിന്ന് ആളുകൾ മാറി നിൽക്കേണ്ടി വരുന്ന സംഭവങ്ങൾ അവിശ്വസനീയമാണെന്നും വിഷയത്തിൽ വിൽമിംഗ്ടൺ മേയർ സ്വീകരിച്ച നിലപാട് പ്രശംസനീയമാണെന്നും ഇസ്‌ലാമിക് റൈറ്റ്സ് അധികൃതർ കൂട്ടിച്ചേർത്തു. കുട്ടികളെ എന്തു കാരണത്തിന്‍റെ പേരിലാണ് പൂളിലിറക്കാതിരുന്നതെന്നാണ് അവരുയര്‍ത്തുന്ന ചോദ്യം. സംഭവം വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.