മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന മുത്തലാഖ് ഓർഡിനൻസിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.
ദില്ലി: മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മൂന്ന് തലാക്കും ഒരുമിച്ച് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമില്‍ കുറ്റമാക്കുന്നതാണ് നിയമം.മുത്തലാഖ് ചെല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയാണ് നിയമം വിഭാവനം ചെയ്യുന്നത്.
ശുപാര്‍ശ എത്രയും വേഗം രാഷ്ട്രപതിയുടെ മുമ്പില്‍ വയ്ക്കാനാണ് നീക്കം. ലോകസഭയില്‍ നേരത്തെ ബില്ല് പാസായെങ്കിലും രാജ്യസഭയില്‍ സമവായമാകാത്ത സാഹചര്യത്തിലാണ് ബില്ല് ഒഴിവാക്കി ഓർഡിനൻസ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ആരെങ്കിലും നല്‍കുന്ന പാരാതിയില്‍ അറസ്റ്റ് നടപടി സാധ്യമാകുമെന്നതായിരുന്നു മുത്തലാഖ് ബില്ലിനെതിരെ പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ച ആരോപണം. എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഇത് തിരുത്തി കേസെടുക്കാന്‍ മുത്തലാഖ് ചൊല്ലുന്ന സ്ത്രീയോ രക്തബന്ധമുള്ളവരോ പരാതി നല്‍കണം എന്ന വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ലോകസഭ പാസാക്കിയ മുസ്ലിം വനിതാവകാശ ബില്ലിലെ വ്യവസ്ഥകളെല്ലാം ഓര്‍ഡിനന്‍സില്‍ ചേര്‍ത്തിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയത്തില്‍ ഓര്‍ഡിനന്‍സ് വഴി നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
