'നാളെ മതത്തിന്റെ പേരിൽ ആരുടെ പിതാവാണ് മരിക്കാനിരിക്കുന്നത്'- അഭിഷേക് ചോദിക്കുന്നു. 

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ ജീവൻ നഷ്ടമായ സുബോദ് കുമാര്‍ സിംഗിന്റെ വിയോ​ഗത്തിൽ വിങ്ങി മകന്‍ അഭിഷേക്. മതങ്ങളുടെ പേരിൽ സമൂഹത്തിൽ നടമാടുന്ന സംഘർഷങ്ങളെ അദ്ദേഹം ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഒരു നല്ല പൗരനായി എന്നെ വളർത്താനായിരുന്നു അച്ഛൻ ആ​ഗ്രഹിച്ചിരുന്നത്. എന്നാൽ ഇന്ന് മതത്തിന്റെ പേരിൽ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നുവെന്നും അഭിഷേക് പറഞ്ഞു.

'നാളെ മതത്തിന്റെ പേരിൽ ആരുടെ പിതാവാണ് മരിക്കാനിരിക്കുന്നത്'- അഭിഷേക് ചോദിക്കുന്നു. അച്ഛൻ മരിക്കുന്നതിന് ഒരു ദിവസം മുമ്പ് എന്നെ വിളിച്ചിരുന്നു. പ്ലസ് ടു പരീക്ഷ നടക്കുന്നതിനാൽ എനിക്ക് പ്രയാസമായ വിഷയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറയുകയും ചെയ്തു-അഭിഷേക് കൂട്ടിച്ചേർത്തു. ഈ ഡ്യൂട്ടിയില്‍ എന്റെ ജീവിതം അവസാനിച്ചെന്നും ചില കേസുകള്‍ നമ്മള്‍ അന്വേഷിക്കാന്‍ നില്‍ക്കരുതെന്നും അച്ഛന്‍ ഇടക്ക് പറയാറുണ്ടായിരുന്നുവെന്ന് അഭിഷേകിന്റെ മൂത്ത സഹോദരന്‍ പറഞ്ഞു. അതേ സമയം സുബോദിന് ജീവൻ നഷ്ടമായത് ദാദ്രിയിലെ അഖ്‌ലാഖ് കൊലപാതക കേസ് അന്വേഷണം നടത്തിയതുകൊണ്ടാണെന്ന ആരോപണവുമായി സഹോദരി രം​ഗത്തെത്തി.

ഇന്‍സ്പെക്ടര്‍ സുബോദ്കുമാറാണ് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ഗോരക്ഷകര്‍ അടിച്ചുകൊന്ന സംഭവത്തില്‍ 2015 സെപ്റ്റംബര്‍ മുതൽ നവംബര്‍ വരെ കേസ് അന്വേഷിച്ചത്. പശുവിറച്ചി കൈവശം വച്ചുവെന്നാരോപിച്ചാണ് അഖ്‍ലാഖിനെ ആള്‍ക്കൂട്ടം ആക്രമിച്ചത്. ഈ കേസ് അന്വേഷിക്കുമ്പോൾ തന്നെ ദാദ്രിയിൽ സമാനമായ മറ്റൊരു സംഭവം ഉടലെടുക്കാതിരിക്കാൻ സുബോദ് കുമാർ അതീവ ജാ​ഗ്രത പുലർത്തിയിരുന്നുവെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. 

സുബോദിനെ കണ്ടെത്തുമ്പോൾ വെടിയുണ്ട തലച്ചോറില്‍ തറച്ച നിലയിലായിരുന്നു. മൊബൈല്‍ ഫോണും പേഴ്സണല്‍ റിവോള്‍വറും കാണാതായിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. ഒരു ടാറ്റാ സുമോ കാറില്‍ സുബോദ് സിംഗിന്‍റെ മൃതദേഹം കിടക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അതേ സമയം പൊലീസ് ഉദ്യോ​ഗസ്ഥന്റെ മരണം ദാരുണസംഭവമാണെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അനുശോചിച്ചു. സുബോദ് കുമാർ സിം​ഗിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകുമെന്നും മെച്ചപ്പെട്ട പെൻഷൻ അനുവദിക്കുമെന്നും കൂട്ടിച്ചേർത്തു.