കൊച്ചി: എറണാകുളത്ത് വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടത്തെ സംബന്ധിച്ച ദുരൂഹത തുടരുന്നു. പുത്തന്‍ കുരിശില്‍ നിന്നും ഒന്നര വര്‍ഷം മുമ്പ് കാണാതായ ശകുന്തളയുടേതാണോ എന്ന പരിശോധന നടക്കുന്നെങ്കിലും പ്രായത്തിലുള്ള വൈരുധ്യമാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.

കൊച്ചി കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ നിന്നും കണ്ടെത്തിയ മൃതദേഹ അവശിഷ്ടത്തെക്കുറിച്ചുള്ള അന്വേഷണമാണ് പുത്തന്‍ കുരിശില്‍ നിന്നും ശകുന്തളയിലെത്തി നില്‍ക്കുന്നത്. ഒന്നരവര്‍ഷം മുമ്പാണ് ശകുന്തളയെ കാണാതായത്. ശകുന്തളയുടെ കണക്കാലില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. വീപ്പയ്ക്കുള്ളില് നിന്നും ലഭിച്ച മൃതദേഹാവശിഷ്ടത്തിന്‍റെ കണങ്കാലിലും ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയിരുന്നു. 

വീപ്പയില്‍ നിന്നും ലഭിച്ച മുടി പരിശോധിച്ച ഫോറന്‍സിക് വിഭാഗം പറയുന്നത് മുപ്പതിനടുത്ത് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമെന്നാണ്. കാണാതായ ശകുന്തളയ്ക്ക് അറുപതിനടുത്താണ് പ്രായം. ശകുന്തള ദില്ലിയിലുണ്ടാകാമെന്ന് ബന്ധുക്കളില്‍ ചിലരുടെ മൊഴിയും ലഭിച്ചിട്ടുണ്ട്. 

അതുകൊണ്ടു തന്നെ ദില്ലിയില്‍ അന്വേഷണം നടത്തി ശകുന്തള ജീവിച്ചിരിക്കുന്നോ എന്ന് വ്യക്തത വരുത്താനാണ് എറണാകുളം സൗത്ത് പൊലീസിന്‍റെ ശ്രമം. അതോടൊപ്പം ശകുന്തളയുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധനാ ഫലവും അന്വേഷണ സംഘം കാക്കുന്നുന്നുണ്ട്.