കണ്ണൂര്‍: മലേഷ്യയിലെ സുബാംഗ് ജായ സേലങ്കൂര്‍ എന്ന സ്ഥലത്തു കെട്ടിടത്തില്‍നിന്നു വീണു മരിച്ചത് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഓമനയാണെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ മലേഷ്യയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നു. കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്‌കെയ്‌സിലാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഓമന ജാമ്യത്തിലിറങ്ങിയതിന് ശേഷം പതിനാറുവര്‍ഷമായി ഒളിവിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം മലേഷ്യന്‍ അംബാസഡര്‍ മലയാള പത്രത്തില്‍ നല്‍കിയ അജ്ഞാത മൃതദേഹത്തിന്‍റെ ചിത്രത്തിന് ഓമനയുമായി സാമ്യമുള്ളതായി കണ്ടെത്തിയത്.
മരിച്ചത് ഡോക്ടര്‍ ഓമനയാണെന്നു സംശയത്തെ തുടര്‍ന്ന് ഡി.എന്‍.എ. ടെസ്റ്റ് നടത്തുന്നതിനു വേണ്ടി ബന്ധുക്കള്‍ മലേഷ്യയിലേക്കു പോകാനുള്ള തയാറെടുപ്പിലാണ്. അതുവരെ മൃതദേഹം മലേഷ്യയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. പരസ്യത്തില്‍ കണ്ട സ്ത്രീ ഓമനയാണെന്നു സംശയമുണ്ടെന്നു ബന്ധുക്കള്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലനെ അറിയിക്കുകയായിരുന്നു. ഡിവൈ.എസ്.പി. മലേഷ്യന്‍ പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ ബന്ധുക്കള്‍ പറഞ്ഞ അടയാളങ്ങള്‍ ശരിയാണെന്നു കണ്ടെത്തി.
1996 ജൂലൈ 11 നായിരുന്നു ഓമന കാമുകന്‍ കോണ്‍ട്രാക്ടര്‍ പി മുരളീധരനെ വെട്ടിനുറുക്കിയത്. പയ്യന്നൂരിലെ കരാറുകാരനുമായ കാമുകന്‍ മുരളീധരനെ ഊട്ടി റെയില്‍വെ സ്റ്റേഷനടുത്തുള്ള ലോഡ്ജില്‍ വിളിച്ചുവരുത്ത ശരീരത്തില്‍ വിഷംകുത്തിവെച്ച ശേഷം രക്തം കട്ടപിടിക്കാനുള്ള ഇഞ്ചക്ഷന്‍ നല്‍കി കൊലപ്പെടുത്തി. മൃതദേഹം പല ഭാഗങ്ങളാക്കി മുറിച്ചു കൊക്കയില്‍ തള്ളാനായിരുന്നു പദ്ധതി. ഇതിനായി കൊടൈക്കനാലിലേക്ക് പോകാന്‍ ടാക്സി വിളിച്ചു.
പെട്ടിക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ടാക്സിഡ്രൈവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ താന്‍ വിവാഹമോചിതയാണെന്നും വിവാഹിതനായ മുരളീധരന്‍ തന്നെ വിട്ടു മറ്റൊരാളെ തേടിപോകുമോയെന്ന ഭയം കൊണ്ടാണ് കൊലപ്പെടുത്തിയതെന്നും ഇവര്‍ വെളിപ്പെടുത്തി. ജീവപര്യന്തം ശിക്ഷ കിട്ടിയ ഇവര്‍ 2001 ല്‍ പരോള്‍ വാങ്ങി പുറത്തു പോയ ശേഷം കാണാതായി. തുടര്‍ന്ന് ഇവര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയായിരുന്നു.
മകളുമായും ചില ബന്ധുക്കളുമായും 2009 വരെ ഓമന ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്‍റര്‍നെറ്റ് കോളുകളായിരുന്നതിനാല്‍ ഫോണ്‍വിളി സംബന്ധിച്ച വിശദാംശങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വ്യാജ പാസ്പോര്‍ട്ടിലാണ് ഓമന വിദേശത്തേക്ക് കടന്നത്.
മലയാളം അറിയാവുന്ന സ്ത്രീയെ കെട്ടിടത്തില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തിയതായി മലേഷ്യയിലെ ഇന്ത്യന്‍ കമ്മിഷണര്‍ രാമകൃഷ്ണന്‍ ഫോട്ടോ സഹിതം ഒരു മലയാളം പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു.
