Asianet News MalayalamAsianet News Malayalam

നാലരപ്പതിറ്റാണ്ടിന് ശേഷം കണ്ടുമുട്ടിയപ്പോള്‍ എന്‍ എസ് മാധവനും കെ ജി ശങ്കരപ്പിളളയ്ക്കും പറയാനുണ്ടായിരുന്നത്

വീണ്ടും കണ്ട നിമിഷം മനസ്സില്‍ വേലിയേറ്റമുണ്ടാക്കിയ വലിയൊരു കൂടിക്കാഴ്ചയുടെ നിമിഷമാണെന്ന് പറഞ്ഞാണ് കെ ജി എസ് പ്രഭാഷണം തുടങ്ങിയത്. അമ്പത് കൊല്ലത്തെ മാധവന്‍ വായനക്ക് തുടക്കമിട്ടത് എന്‍ എസിന്റെ  ആദ്യ പ്രസിദ്ധീകൃത കഥയായ 'ശിശു'വിലൂടെയാണെന്ന് കെ ജി എസ് 

n s madhavan meets k g sankarappilla after 47 years
Author
Manama, First Published Dec 18, 2018, 8:20 PM IST

നാലരപ്പതിറ്റാണ്ടിന് ശേഷം കണ്ടുമുട്ടിയപ്പോള്‍ സ്നേഹം കവിതയായി ഒഴുകി 

നൗഷാദ് കെ ടി എഴുതുന്നു

മനാമ: നാലരപ്പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ പ്രശസ്ത കവിയും കഥാകൃത്തും കണ്ടുമുട്ടിയപ്പോള്‍ സ്നേഹം കവിതയായി ഒഴുകി. സൂഹൃത്തുക്കളായിട്ടും കാണാന്‍ കഴിയാതെ പോയതിന്റെ സങ്കടം കഥയായി പങ്കുവെച്ചു. 

മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ കഥാകാരന്‍ എന്‍ എസ് മാധവനും കവി കെ ജി ശങ്കരപ്പിളളയുമാണ് 47 വര്‍ഷത്തിന് ശേഷം ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ മുറ്റത്ത് കണ്ടുമുട്ടിയത്. 1971-ല്‍ എറണാംകുളം 'ചിത്രകൂട'ത്തില്‍ ഒരു പ്രസിദ്ധീകരണത്തിന്റെ പ്രകാശന ചടങ്ങില്‍ കണ്ടു പിരിഞ്ഞ ശേഷമുളള ആദ്യ കൂടിക്കാഴ്ച. കാണാതെ അകലങ്ങളിലായിരിക്കുമ്പോഴും ഉളളിലുണ്ടായിരുന്നെന്ന് ഇരുവരും പരസ്പരം പറഞ്ഞു. എന്‍ എസ്. മാധവന്‍ ഉത്തരേന്ത്യയിലേക്ക് പോയതോടെയാണ് പല കാരണങ്ങളാല്‍ കാണാന്‍ കഴിയാതെ പോയത്. മാധവന്‍ കേരളത്തില്‍ തിരിച്ചെത്തിയപ്പോഴേക്കും കെ.ജി.എസ് ബാംഗ്ലൂരിലേക്ക് പോയതിനാല്‍ കൂടിക്കാഴ്ച പിന്നെയും നടന്നില്ല. ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ സാഹിത്യ പുരസ്‌കാരം എന്‍ എസ്.മാധവന് സമര്‍പ്പിക്കാനും കഥകളെക്കുറിച്ച് സംസാരിക്കാനും ക്ഷണിക്കപ്പെട്ടപ്പോള്‍ എന്തായാലും വരുമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് കെ ജി എസ് 'ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനി'നോട് പറഞ്ഞു. 

വര്‍ഷങ്ങള്‍ക്കു ശേഷമുളള സമാഗമം നല്‍കിയ സന്തോഷം കവിഞ്ഞൊഴുകുന്നതായിരുന്നു കെ.ജി.ശങ്കരപ്പിളള സമാജത്തില്‍ നടത്തിയ പ്രഭാഷണം. ഗംഭീരമായ നിരൂപണത്തിനൊപ്പം എന്‍ എസിനെയും അദ്ദേഹത്തിന്റെ കഥകളെയും എന്തുമാത്രം സ്നേഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പ്രസംഗം. വീണ്ടും കണ്ട നിമിഷം മനസ്സില്‍ വേലിയേറ്റമുണ്ടാക്കിയ വലിയൊരു കൂടിക്കാഴ്ചയുടെ നിമിഷമാണെന്ന് പറഞ്ഞാണ് കെ ജി എസ് പ്രഭാഷണം തുടങ്ങിയത്. അമ്പത് കൊല്ലത്തെ മാധവന്‍ വായനക്ക് തുടക്കമിട്ടത് എന്‍ എസിന്റെ  ആദ്യ പ്രസിദ്ധീകൃത കഥയായ 'ശിശു'വിലൂടെയാണെന്ന് കെ ജി എസ് വിശദീകരിച്ചു. മലയാളത്തിലെ ആധുനികതാ പ്രസ്ഥാനം സ്വഭാവികമായ ക്ഷീണത്തിലേക്ക് കടക്കുന്ന സമയത്താണ് എന്‍ മാധവന്റെ 'ശിശു'വിന്റെ ജനനം. ആധുനികതയില്‍ ജനിക്കാവുന്ന ഏറ്റവും തേജസുളള ശിശുവായിരുന്നു മാധവന്റെ ആദ്യ കഥ. കെ ജി എസ് ഹൃദയത്തോട് ചേര്‍ത്തു വെച്ച്് 'ശിശുവിനെ' പറ്റി പിന്നെയും ധാരാളം പറഞ്ഞു. 

മാധവന്റെ ഭാഷക്കുളളില്‍ കവിത ലയിച്ച് കിടപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്തി കവി കൂടിയായ കെ ജി എസ് എന്‍എസിന്റെ കഥകള്‍ ആവര്‍ത്തിച്ച് വായിക്കാനുളള ഇഷ്്ടം ഇങ്ങനെയാണ് വിശദീകരിച്ചത് : 

'ആല്‍ബര്‍ട്ട് കമ്യു കാഫ്കയെ പറ്റി പറഞ്ഞതു പോലെ മാധവന്റെ കഥകള്‍ വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. വായിച്ചടച്ചാല്‍ വീണ്ടും തുറക്കാന്‍ തോന്നുന്ന മാധവന്റെ കഥകള്‍ എത്ര തവണയാണ് വായിച്ചിട്ടുളളതെന്ന് പറയാനാകില്ല. ഇത് മലയാളത്തിലെ എത്ര കുറച്ച് കഥകള്‍ക്ക് പറ്റും. മാധവന്‍ കുറെ എഴുതാത്തതിന്റെ ദു:ഖമുളളപ്പോള്‍ തന്നെ ഇത്രയും ശ്രദ്ധിച്ച് ഇത്രയും കാലം എഴുതിയതിനോടുളള ആദരവ് മനസ്സിലുണ്ട്' 

ഹിഗ്വിറ്റ, ബോംബെ, നിലവിളി തുടങ്ങി എന്‍.എസ് മാധവന്റെ കഥകള്‍ ഓരോന്നും ആഴത്തില്‍ അനുഭവിച്ചതിന്റെ കാവ്യാത്കമായ വിവരണത്തില്‍ വേദിയും സദസ്സും ഒരു പോലെ ലയിച്ചിരുന്നു പോയി. 

കാവ്യ സൗന്ദര്യവും ദര്‍ശനദീപ്തിയും കൂടിച്ചേര്‍ന്ന മാധവന്റെ കഥകളാണ് 'കഥനം' എന്ന കവിതയെഴുതാന്‍ കാരണമെന്നു കൂടി കെ.ജി.എസ് വെളിപ്പെടുത്തി. കഥക്കുളളിലൂടെ അനുഭവിച്ച അനവധി കാര്യങ്ങള്‍ ഇതിലുണ്ടെന്ന് പറഞ്ഞ് ആ കവിത കൂടി ചൊല്ലിയാണ് വികാരസാന്ദ്രമായ പ്രസംഗം അവസാനിപ്പിച്ചത്. 

ഇന്ത്യയില്‍ ഇത്രകാലം ജീവിച്ചിട്ടും 47 വര്‍ഷങ്ങള്‍ക്ക് ശേഷം കെ ജി എസിനെ കാണാന്‍ പ്രവാസ ഭൂമിയായ ബഹ്റൈന്‍ തന്നെ വേണ്ടി വന്നുവെന്ന്  എന്‍ എസ് മാധവന്‍ മറുപടിയായി പറഞ്ഞു. ഒരേ കാലത്ത് ജീവിച്ചിട്ടും അഭേദ്യമായ ഹൃദയ ബന്ധമുണ്ടായിട്ടും ഭൗതികമായ ഒരു കണ്ടു മുട്ടല്‍ നടക്കാന്‍ ഈ വേദി വേണ്ടിവന്നു എന്നത് പ്രവാസത്തിന് എന്തുമാത്രം മഹത്വം മലയാളത്തിലുണ്ട് എന്നതിന് തെളിവാണെന്ന് അദ്ദേഹം സദസ്സിനോട് പറഞ്ഞു. അവാർഡിനോളം വിലമതിക്കുന്ന പ്രഭാഷണം തന്റെ സാഹിത്യ ജീവിതത്തെക്കുറിച്ച് നടത്തിയതിന് മാധവന്‍  കെ.ജി.എസിനോട് നന്ദി അറിയിച്ചു.

n s madhavan meets k g sankarappilla after 47 years

കണ്ടിരുന്നില്ലെങ്കിലും ഗാഢമായ ബന്ധം കെ ജി എസുമായി ഉണ്ടായിരുന്നെന്ന് പിന്നീട് എന്‍.എസ്. മാധവന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മാനസിക അകല്‍ച്ച ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ കവിതകളിലൂടെ സംവദിക്കാനും കഴിഞ്ഞു. 'ബംഗാളും' 'കൊച്ചിയിലെ വൃക്ഷങ്ങള'ുമൊക്കെ വളരെയധികം സ്വാധീച്ച കവിതകളാണ്. 

ഇതു പറഞ്ഞ് എന്‍ എസ് കെ ജി എസിനൊപ്പം ചേര്‍ന്നിരുന്ന് അവസാനമായി ഒന്നിച്ചിരുന്ന പരിപാടിയിലെ സംഭവങ്ങള്‍ ഓര്‍ത്തെടുത്തു. അവാർഡിനോളം വിലമതിക്കുന്ന പ്രഭാഷണം തന്റെ സാഹിത്യ ജീവിതത്തെക്കുറിച്ച് നടത്തിയതിന് കെ.ജി.എസിനോട് എന്‍ എസ് മാധവന്‍ നന്ദി രേഖപ്പെടുത്തി.  1971-ല്‍ അയ്യപ്പപണിക്കര്‍, കടമ്മനിട്ട, അടൂര്‍ ഗോപാല കൃഷ്ണന്‍, സച്ചിദാനന്ദന്‍ തുടങ്ങിയവരൊക്കെ പങ്കടുത്ത പരിപാടിയായിരുന്നു അത്.  പ്രൊഫ. എം കെ .സാനുവിന്റെ പ്രഭാഷണം നടക്കവെ എന്‍ എസ്.പറഞ്ഞ തമാശകളെക്കൂറിച്ച് പറഞ്ഞ് ഇരുവരും ചിരിച്ചു. 

Follow Us:
Download App:
  • android
  • ios